കണ്ണൂരും കാസർകോടും റെഡ് അലേർട്ട്; നാളെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം:
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത മഴ കനക്കുകയാണ്. തെക്കന്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജസ്ഥാന് മുകളില്‍ നിലനില്‍ക്കുന്ന ശക്തികൂടിയ ന്യൂനമര്‍ദവും തെക്കുപടിഞ്ഞാറന്‍ ബിഹാറിനും കിഴക്കന്‍ ഉത്തര്‍പ്രദേശിനും മുകളില്‍ നില്‍ക്കുന്ന ന്യൂനമര്‍ദവുമാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടാന്‍ കാരണം. വരുംദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് വിവരം.
കാസര്‍കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറിയിട്ടുണ്ടെന്നും പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയും ചെയ്തിട്ടുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ ജനസുരക്ഷയെ മുന്‍നിര്‍ത്തി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുകയാണെന്നും കളക്ടര്‍ ഇന്‍ബശേഖര്‍ കെ അറിയിച്ചു. ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

