ഗോപൻ സ്വാമിയെ മഹാസമാധിയിരുത്താൻ ‘ഋഷിപീഠം’; ചടങ്ങുകളിൽ സന്യാസിമാർ; നാമജപഘോഷയാത്ര

തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മകൻ
തിരുവനന്തപുരം:
നെയ്യാറ്റിൻകരയിലെ സമാധി വിവാദത്തിൽ ഗോപൻ സ്വാമിക്കായി പുതിയ സമാധിത്തറ ഒരുക്കി കുടുംബം. സമാധിത്തറ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ഗോപന്റെ മകൻ സനന്ദൻ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായ ഗോപന്റെ മൃതദേഹം നാമജപ ഘോഷയാത്രയോടെ ആറാലുംമൂട്ടിലെ വീട്ടിലെത്തിക്കുമെന്നും ശേഷം സംസ്കരിക്കുമെന്നും മകൻ പറഞ്ഞു.

വിവിധ മഠങ്ങളിൽ നിന്നുളള സന്യാസിമാർ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകും. നേരത്തെ നിർമ്മിച്ച സമാധിത്തറ പൊളിച്ചുനീക്കിയാണ് പുതിയ സമാധിത്തറ ഉണ്ടാക്കിയിട്ടുളളത്. വൈകിട്ട് നാല് മണിക്കാണ് സംസ്കാരം.
അതേസമയം സമാധി കേസിൽ താൻ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ രംഗത്തെത്തിയിരുന്നു. പരാതിക്ക് പിന്നിൽ മുസ്‌ലിം തീവ്രവാദികൾ എന്ന് വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നുവെന്നും അപ്പോഴത്തെ ഒരു മനഃസ്ഥിതിയിൽ പറഞ്ഞതാണെന്നും സനന്ദൻ വിശദീകരിച്ചു.
വീടിനു മുന്നില്‍ പന്തല്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണു കരുതുന്നത്. മോര്‍ച്ചറിയില്‍നിന്ന് രണ്ടു മണിയോടെ മൃതദേഹം പുറത്തെടുത്തു. നാമജപ ഘോഷയാത്രയോടെ 3 ന് വീട്ടില്‍ എത്തിക്കുമെന്ന് വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. തുടര്‍ന്ന് സന്യാസിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങുകള്‍ നാലു മണിക്കു സമാപിക്കും