പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി

 പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി

കഴിഞ്ഞ ഒക്ടോബർ 15നു തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു. 2022 ഒക്‌ടോബർ 14ന് ഗ്രീഷ്മയുടെ വീട്ടിൽ വച്ചാണ് ഷാരോൺ രാജ് കഷായം കഴിക്കുന്നത്. ശാരീരിക ബന്ധത്തിന് നിർബന്ധിച്ചാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾ തെളിഞ്ഞു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്.

അതേസമയം മൂന്നാം പ്രതിയായ അമ്മാവൻ നിർമ്മല കുമാരൻ നായർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അമ്മാവൻ തെളിവ് നശിപ്പിച്ചെന്ന് കോടതി പറഞ്ഞു.

നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പറഞ്ഞത്. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും.

2022 ലാണ് സംഭവം. കാമുകനായ മുര്യങ്കര ജെ പി ഹൗസിൽ ജെ പി ഷാരോൺ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്ന കേസിൽ പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതാണു കൊലപാതകത്തിനു കാരണമെന്നാണ് കേസ്.

സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.  ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങൾക്ക് സിന്ധു ഒത്താശ ചെയ്തു കൊടുത്തെന്നും കീടനാശിനി ഗ്രീഷ്മയ്ക്ക് വാങ്ങി നൽകിയത് നിർമല കുമാരൻ നായരാണ് എന്നും പൊലീസ് കണ്ടെത്തിയിരുന്നു.

അവശനിലയിലായി പല ആശുപത്രികളിലെ ചികിത്സയ്ക്കു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 25ന് ഷാരോൺ മരിച്ചു. ക്രൈംബ്രാഞ്ചിന്റെ കേസ് അന്വേഷണത്തിനിടെ ഒക്‌ടോബർ 30ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തി. തൊട്ടടുത്ത ദിവസം അറസ്റ്റിലായ ഗ്രീഷ്മ പൊലീസ് സ്‌റ്റേഷന്റെ ശുചിമുറിയിൽ അണുനാശിനി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഒരു വർഷം ജയിലിൽ കിടന്ന ശേഷമാണ് ജാമ്യം ലഭിച്ചത്.

ഗ്രീഷ്മ നൽകിയ കഷായമാണ് താൻ കുടിച്ചതെന്ന് ഷാരോൺ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു നൽകിയ മരണമൊഴിയാണ് കേസിൽ നിർണായകമായത്. കളനാശിനി കലർത്തിയ കഷായം കുടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞിരുന്നു. ഗ്രീഷ്മ ചതിച്ചതായി സുഹൃത്ത് റെജിനോടും മരണത്തിന് രണ്ട് ദിവസം മുൻപ് പിതാവ് ജയരാജിനോടും ഷാരോൺ പറഞ്ഞിരുന്നു.

ഷാരോണിന് വിഷം നൽകിയ ദിവസം രാവിലെയും വിഷത്തിന്റെ പ്രവർത്തന രീതിയെപ്പറ്റി ഗ്രീഷ്മ ഇന്റർനെറ്റിൽ തിരച്ചിൽ നടത്തി. പലതവണ അഭ്യർത്ഥിച്ചിട്ടും തന്റെ സ്വകാര്യ ദൃശ്യങ്ങൾ തിരികെ നൽകാത്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഗ്രീഷ്മയുടെ മൊഴി. കേരളത്തിൽ വിചാരണ നടത്താൻ കഴിയില്ലെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News