ഇനി ‘കോളനി’ എന്ന് വിളിക്കരുത്; പകരമായി നഗർ, ഉന്നതി, പ്രകൃതി

തിരുവനന്തപുരം:
ആലത്തൂരില്‍നിന്ന് എം പിയായി തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനമൊഴിഞ്ഞത് ചരിത്രത്തിൽ ഇടംനേടാവുന്ന ഉത്തരവിറക്കിയശേഷം. പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ കോളനികൾ എന്നറിയപ്പെടുന്നത് മാറ്റാനാണ് തീരുമാനം.
പട്ടിക വിഭാഗക്കാർ കൂടുതലായി അധിവസിക്കുന്ന മേഖലകളെ ‘കോളനി’, ‘സങ്കേതം’, ‘ഊര്’ എന്നീ പേരുകളിലാണ് നിലവിൽ അഭിസംബോധന ചെയ്തുവരുന്നത്. ഈ അഭിസംബോധന അവമതിപ്പും താമസക്കാരിൽ അപകർഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റം.
പുതിയ ഉത്തരവനുസരിച്ച് കോളനി, സങ്കേതം, ഊര് എന്നീ പേരുകൾക്ക് പകരമായി നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ പേരുകളോ ഓരോ സ്ഥലത്തും പ്രാദേശികമായി താൽപര്യമുള്ള കാലാനുസൃതമായ പേരുകളോ തെരഞ്ഞെടുക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.