വര്‍ക്കലയിൽ വീട്ടമ്മയെ സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം:
തിരുവനന്തപുരം വര്‍ക്കലയിൽ വീട്ടമ്മയെ സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഇലകമൺ പുതുവലിൽ വിദ്യാധരവിലാസത്തിൽ സിന്ധുവാണ് മരിച്ചത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ കുറിപ്പാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിൽ തന്നെ പൊലീസ്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്ന് രാവിലെയാണ് സിന്ധുവിനെ വീട്ടിൽ നിന്ന് കാണാതായത്. പിന്നാലെ മക്കളായ നന്ദുദാസും, വിധുൻദാസും അമ്മയെ തിരക്കിയിറങ്ങി. എന്നാൽ സിന്ധുവിനെ കണ്ടെത്താനായില്ല. തുടർന്ന് അയിരൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതിന് പിന്നാലെ വീട്ടിലെ കിണറ്റിനരികിൽ സിന്ധുവിന്റെ ഒരു ചെരുപ്പ് കണ്ടെത്തി. ഇതോടെ 100 അടിയിലധികം താഴ്ചയുള്ള കിണറിനകത്ത് പരിശോധന നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് വിവരമറിയിച്ചതിന് പിന്നാലെ വർക്കല ഫയർഫോഴ്‌സ് എത്തി മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു.
ഭര്‍ത്താവ് തുളസീദാസ് വര്‍ഷങ്ങളായി വിദേശത്താണ്.