ബ്രിട്ടനിൽ ഗർഭഛിദ്രം ഇനി ക്രിമിനൽ കുറ്റമല്ല

ലണ്ടൻ:
ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വലിയ മാറ്റവുമായി ബ്രിട്ടീഷ് പാര്‍ലമെന്‍റ്. ഇംഗ്ലണ്ടിലും വെയിൽസിലും ഗർഭഛിദ്രം ഇനി ക്രിമിനൽ കുറ്റമല്ല. ഗർഭഛിദ്ര നിരോധന നിയമ പ്രകാരം സ്ത്രീകളെ ക്രിമിനൽ ശിക്ഷയ്ക്ക് വിധേയരാക്കുന്ന കുറ്റകൃത്യ ബില്ലിൽ ഭേദഗതി വരുത്താൻ ഹൗസ് ഓഫ് കോമൺസ് അംഗീകാരം നൽകി. ഭേദഗതി 137 എതിരെ 379 വോട്ടുകള്‍ക്കാണ് പാസായത്.
നിലവിലെ നിയമപ്രകാരം 24 ആഴ്‌ചവരെ മാത്രമേ ഗർഭഛിദ്രം നിയമപരമായി നടത്താൻ അനുമതിയുണ്ടായിരുന്നുള്ളൂ. അമ്മയുടെ ജീവൻ അപകടത്തിലാകുന്ന ചില പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് ഇതില്‍ ഇളവ് ലഭിച്ചിരുന്നത്. എട്ടാം മാസത്തിന് ശേഷം ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചതിന് മൂന്ന് കുട്ടികളുടെ അമ്മയായ ഒരു സ്ത്രീയെ 2023-ൽ രണ്ട് വർഷത്തിലധികം തടവിന് ശിക്ഷിച്ചിരുന്നു.
ഗർഭസ്ഥ ശിശുക്കൾക്ക് നൽകുന്ന സംരക്ഷണം ഇത്‌മൂലം നഷ്‌ടപ്പെടുമെന്നാണ് ബില്ലിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വർധിക്കാൻ ഇത് കാരണമാകുമെന്നും സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് അൺബോൺ ചിൽഡ്രൻ്റെ പബ്ലിക് പോളിസി മാനേജർ അലിത്തിയ വില്യംസ് പറഞ്ഞു. 1861-ൽ വ്യക്തികൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമത്തിൻ്റെ ചില ഭാഗങ്ങൾ റദ്ദാക്കുന്നതിന് പ്രോസിക്യൂഷനുകൾ നൽകിയ പിന്തുണയുടെ അടിസ്ഥാനത്തിലാണ് ചർച്ച നടന്നത്.