തൊഴിലുറപ്പ് പദ്ധതി ഇനി ‘വിബി-ഗ്രാം’: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കി
ന്യൂഡൽഹി:
രാജ്യത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റുന്ന നിർണായക ഭേദഗതി ബിൽ പാർലമെന്റ് പാസാക്കി. മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി ആക്ട് (MGNREGA) എന്ന പേര് മാറ്റി, ഇനി മുതൽ വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (VB-GRAM) എന്ന പേരിലാകും ഈ പദ്ധതി അറിയപ്പെടുക. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് സഭ ബില്ലിന് അംഗീകാരം നൽകിയത്.
പദ്ധതിയിൽ നിന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കുന്നതിനെതിരെ പ്രതിപക്ഷം സഭയിൽ ശക്തമായി രംഗത്തുവന്നു. എന്നാൽ ഇത് കേവലം ഒരു പേര് മാറ്റമല്ലെന്നും, ഗ്രാമീണ തൊഴിൽ-ഉപജീവന പദ്ധതികളെ പുനർനിർമ്മിക്കുന്ന പുതിയ ഘടനയാണെന്നും കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ വിശദീകരിച്ചു.
ചർച്ചയ്ക്കിടെ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനമാണ് കേന്ദ്രമന്ത്രി ഉന്നയിച്ചത്. 2009-ലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പദ്ധതിക്ക് മഹാത്മാഗാന്ധിയുടെ പേര് നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു. അടിയന്തരാവസ്ഥ ഏർപ്പെടുത്തിയപ്പോഴും വിഭജന കാലത്തും കോൺഗ്രസ് ഗാന്ധിയൻ ആദർശങ്ങളെ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ പദ്ധതിയിലെ പോരായ്മകൾ പരിഹരിച്ച് ഗ്രാമീണ മേഖലയിലെ തൊഴിൽ സുരക്ഷയും ജീവിതനിലവാരവും ഉറപ്പാക്കുകയാണ് ‘വിബി-ഗ്രാം’ ലക്ഷ്യമിടുന്നത്.
