വാളയാറിൽ ആൾക്കൂട്ട മർദനം: മോഷണക്കുറ്റം ആരോപിച്ച് മർദിച്ച ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ
പാലക്കാട്:
വാളയാറിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിച്ച ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനാണ് കൊല്ലപ്പെട്ടത്. കള്ളനാണെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകൾ ഇയാളെ വളഞ്ഞിട്ട് മർദിച്ചത്.
ബുധനാഴ്ച വൈകുന്നേരത്തോടെ മർദനമേറ്റ് അതീവ ഗുരുതരാവസ്ഥയിലായ രാംനാരായണനെ ഉടൻതന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ രാത്രിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാംനാരായണന്റെ മൃതദേഹം നാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. മർദനമാണോ അതോ മറ്റ് ശാരീരിക കാരണങ്ങളാണോ മരണത്തിലേക്ക് നയിച്ചതെന്ന കാര്യം പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
