ട്രെയിനപകടത്തിൽ മരണം പത്തായി

കൊൽക്കത്ത:
പശ്ചിമ ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ എക്സ്പ്രസ് ട്രെയിനും ചരക്ക്ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം പത്തായി. 40 പേർക്ക് പരിക്കേറ്റു. അഗർത്തലയിൽ നിന്ന് കൊൽക്കത്തയിലെ സിയാൽദയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസിന്റെ പുറകിൽ ന്യൂജയ്പാൽഗുരിക്ക് സമീപം ചരക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. കാഞ്ചൻജംഗ എക്സ്പ്രസിന്റെ പിൻ ഭാഗത്ത് പാഴ്സൽ കോച്ചും ഗാർഡിന്റെ കോച്ചും ആയതിനാലാണ് മരണ സംഖ്യ കുറഞ്ഞത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ചരക്കു ട്രെയിൽ സിഗ്നൽ മറികടന്ന് എക്സ്പ്രസ് ട്രെയിനിൽ ഇടിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് 10 ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകുമെന്ന് റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് പ്രഖ്യാപിച്ചു.