പ്രഭാവർമ്മയ്ക്ക് സരസ്വതി സമ്മാൻ

ന്യൂഡൽഹി:
സാഹിത്യത്തിനുള്ള 2023ലെ സരസ്വതി സമ്മാൻ പുരസ്കാരത്തിന് കവി പ്രഭാവർമ്മ അർഹനായി. ‘ രൗദ്രസാത്വികം’ എന്ന കാവ്യാഖ്യായികയ്ക്കാണ് 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം. 12 വർഷത്തിനു ശേഷമാണ് മലയാളത്തിലേക്ക് സരസ്വതി സമ്മാൻ എത്തുന്നത്. കെ കെ ബിർള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ഇന്ത്യൻ സാഹിത്യരംഗത്തെ പരമോന്നത പുരസ്കാരങ്ങളിൽ ഒന്നാണ്. 22 ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള ഏറ്റവും മികച്ച സാഹിത്യ സൃഷ്ടിക്കാണ് പുരസ്കാരം നൽകുന്നതു്. അധികാരവും വ്യക്തിയും കലയും തമ്മിലുള്ള ബന്ധങ്ങളേയും സംഘർഷങ്ങളേയും അനന്യമായ രീതിയിൽ പരിശോധിക്കുന്ന കാവ്യാഖ്യായികയാണ് രൗദ്രസാത്വികമെന്ന് സുപ്രീം കോടതി ജഡ്ജി എ കെ സിക്രി അധ്യക്ഷനായ നിർണയസമിതി വിലയിരുത്തി. കവിയും ഗാനരചിയിതാവും മുതിർന്ന മാധ്യമ പ്രവർത്തകനുമായ പ്രഭാവർമ്മ നിലവിൽ മുഖ്യമന്ത്രിയുടെ മീഡിയാ സെക്രട്ടറിയാണ്. കവിതാ സമാഹാരങ്ങൾ, കാവ്യാഖ്യായികകൾ, വിമർശനങ്ങൾ, മാധ്യമ പഠനങ്ങൾ, നോവലുകൾ, ഓർമക്കുറിപ്പുകൾ, യാത്രാവിവരണങ്ങൾ തുടങ്ങി വിവിധ സാഹിത്യ ശാഖകളിലായി മുപ്പതിലേറെ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1995 ൽ ബാലാമണിയമ്മ, 2005 ൽ പ്രൊഫ.കെ അയ്യപ്പപ്പണിക്കർ, 2012 ൽ സുഗതകുമാരി തുടങ്ങിയ പ്രതിഭകൾക്കാണ് കേരളത്തിൽ മുമ്പ് സരസ്വതി സമ്മാൻ ലഭിച്ചവർ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News