ഇറാൻ്റെ ആണവ റിയാക്ടർ ആക്രമിച്ച് ഇസ്രായേൽ,ഇസ്രയേലിൻ്റെ ഇൻ്റലിജൻസ് ആസ്ഥാനം ആക്രമിച്ചെന്ന് ഇറാൻ

ഇറാനിലെ അരക് ആണവ റിയാക്ടർ ലക്ഷ്യമിട്ടതായും നതാൻസ് പ്രദേശത്തെ ആണവായുധ വികസന കേന്ദ്രമാണെന്ന് അവകാശപ്പെട്ട് ആക്രമണം നടത്തിയതായും ഇസ്രായേൽ സൈന്യം അറിയിച്ചു.
ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ, ആദ്യം അരക് എന്നും ഇപ്പോൾ ഖോണ്ടാബ് എന്നും വിളിക്കപ്പെട്ടിരുന്ന ഭാഗികമായി നിർമ്മിച്ച ഒരു ഘനജല ഗവേഷണ റിയാക്ടർ ഉണ്ടായിരുന്നു.
ഖോണ്ടാബ് ആണവ കേന്ദ്രത്തിന്റെ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ വ്യോമ പ്രതിരോധം സജീവമാക്കിയതായും രണ്ട് പ്രൊജക്‌ടൈലുകൾ അതിനടുത്തുള്ള പ്രദേശത്ത് പതിച്ചതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന് മുമ്പ് ആളുകളെ ഒഴിപ്പിച്ചിരുന്നതായും റേഡിയേഷൻ സാധ്യതയോ ആളപായമോ കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ ഇറാനിയൻ സ്റ്റേറ്റ് ടിവിയോട് പറഞ്ഞു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വ്യാപക നാശനഷ്ടമെന്ന് റിപ്പോർട്ട്. ഇസ്രയേലിലെ നാല് കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെൽ അവീവിനോട് ചേർന്ന പ്രദേശങ്ങളിലായിരുന്നു ഇറാൻ്റെ ആക്രമണം. ആക്രമണത്തിൽ കെട്ടിടങ്ങൾക്ക് അടക്കം വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേലിൻ്റെ സൈനിക കമാൻഡിനും ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സിനും മിലിട്ടറി ഇൻ്റലിജൻസ് ക്യാമ്പിനും നേരെ ഇറാൻ ആക്രമണം നടത്തിയതായി ഇറാനിയൻ വാർത്താ ഏജൻസി ഇർന റിപ്പോർട്ട് ചെയ്യുന്നുണ്ട്.
എന്നാൽ ഗവ്-യാം ടെക്നോളജി പാർക്കിലെ സൈനിക-ഇന്റലിജൻസ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നാണ് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. ബെഹ്‍ർഷെവയിലെ സൊറോക ആശുപത്രിയ്ക്ക് സമീപമാണ് ഈ കേന്ദ്രമെന്നും ഇർന റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ ആശുപത്രിക്ക് നേരിയ കേടുപാടുകൾ സംഭവിച്ചുവെന്നും ഇർന സ്ഥിരീകരിക്കുന്നുണ്ട്. ഗവ്-യാം ടെക്നോളജി പാർക്കിൽ സ്ഥിതി ചെയ്യുന്ന ഇസ്രയേലിൻ്റെ സൈനിക കമാൻഡിനും ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സിനും മിലിട്ടറി ഇൻ്റലിജൻസ് ക്യാമ്പിനും ഇറാൻ ആക്രമണത്തിൽ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ടെൽ അവീവിലെ ഹോലോൺ പ്രദേശത്തും ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക് പറ്റുകയും 24ഓളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇറാനിലെ അരക് ആണവകേന്ദ്രത്തില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ആണവകേന്ദ്രത്തിന് സമീപം താമസിക്കുന്നവര്‍ മാറണമെന്ന് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു.