ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ സംസ്കാരം ഇന്ന്

കൊല്ലം:
തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ സംസ്കാരം ഇന്ന് (ജൂലൈ 19). വിദേശത്ത് ജോലി ചെയ്യുന്ന അമ്മ സുജ ഇന്ന് നാട്ടിലെത്തും. കുവൈറ്റില്‍ ജോലി ചെയ്യുന്ന സുജ രാവിലെ 9 മണിയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുക.
തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണിയോടെ വീട്ടില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മൃതദേഹം രാവിലെ 10 മണിയോടെ പൊതുദര്‍ശനത്തിന് വയ്ക്കും. പൊതുദര്‍ശനത്തിന് പിന്നാലെ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിലെത്തിച്ചും പൊതുദര്‍ശനമുണ്ടാകും. അതിന് ശേഷം വൈകിട്ട് 4 മണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് (ജൂലൈ 17) സ്കൂളില്‍ കളിക്കുന്നതിനിടെ 13 വയസുകാരനായ മിഥുന് ഷോക്കേറ്റ് മരിച്ചത്. തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മിഥുന്. മൈതാനത്ത് കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് തെറിച്ച് പോയ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റത്.
ഉടന്‍ തന്നെ മിഥുനെ താഴെയിറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വൈദ്യുതി ലൈന്‍ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് താഴ്ന്ന് കിടന്നതാണ് അപകടത്തിന് കാരണം.