ചാക്ക – ശംഖുംമുഖം റോഡ് സാമൂഹ്യവിരുദ്ധരുടെ താവളം

തിരുവനന്തപുരം:
ചാക്ക – ശംഖുംമുഖം റോഡിൽ ബ്രഹ്മോസസിനും ഓൾസെയിന്റ്സിനും ഇടയിൽ ആളൊഞ്ഞ പറമ്പ് സാമൂഹ്യവിരുദ്ധരുടേയും ലഹരി മരുന്ന് വിൽപ്പനക്കാരുടെയും താവളമായി മാറി.ഒരേക്കറോളം വിസ്തീർണമുള്ള ഈപ്രദേശം റെയിൽവേ പുറമ്പോക്കാണ്. ലോറിക്കാരും മദ്യപാനികളും ഇവിടെ തമ്പടിക്കുന്നതാണ് സാമൂഹ്യവിരുദ്ധരുടെ താവളമാകാൻ കാരണം. കാണാതായ കുഞ്ഞിന്റെ കുടുംബം കഴിഞ്ഞ 20 വർഷമായി തിരുവനന്തപുരത്ത് വരുന്നവരാണ്. കഴിഞ്ഞവർഷം വന്ന ഈ കുടുംബത്തോട് അവിടെ താമസിക്കരുതെന്ന് പേട്ട പൊലീസ് മുന്നറിയിപ്പ് നൽകിയതാണ്. മുന്നറിയിപ്പ് അവഗണിച്ച് ഈ വർഷവും കുടംബം ഇവിടെ തങ്ങുകയായിരുന്നു. തറയിൽ പായവിരിച്ച് കൊതുകുവലയ്ക്കുള്ളിലാണ് കൈക്കുഞ്ഞുങ്ങളുൾപ്പെടെ ഉറങ്ങുന്നത്. റെയിൽവേ ട്രാക്കിന്റെ മറുവശത്ത് ജനവാസ മേഖലയാണെങ്കിലും പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതും വെളിച്ചക്കുറവും സാമൂഹ്യവിരുദ്ധർക്ക് സൗകര്യമൊരുക്കുന്നു.