തിരുവനന്തപുരം പാലോട് ദമ്പതിമാർ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം:
തിരുവനന്തപുരം പാലോട് ദമ്പതിമാർ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. നാഗര സ്വദേശി കെകെ ഭവനില്‍ അനില്‍ കുമാര്‍ (55) , ഭാര്യ ഷീബ (50) എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ ഫാനിന്റെ ഹുക്കില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെത്തിയ ബന്ധു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഉച്ചയ്ക്ക് ബന്ധുവെത്തി പലതവണ പേര് വിളിച്ചിട്ടും വീടിനുള്ളില്‍ നിന്ന് ദമ്പതികള്‍ പുറത്ത് വന്നില്ല. ഇതോടെ സംശയം തോന്നി ബന്ധു വാതില്‍ തള്ളി തുറന്ന് അകത്ത് കയറുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെ കിടപ്പുമുറിയില്‍ ഫാനിന്റെ ഹുക്കില്‍ തൂങ്ങി മരിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തി. ബന്ധു ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
മരിച്ച അനില്‍കുമാര്‍ തിരുവനന്തപുരം ജില്ലാ കാര്‍ഷിക സംയോജിക ജൈവ കര്‍ഷക സംഘം നെടുമങ്ങാട് ശാഖയുടെ പ്രസിഡന്റാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. വിതുര പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.