ആദ്യത്തെ എഐ ദിനപത്രമായി ഇൽ ഫോഗ്ലിയോ
റോം:
പൂർണമായും നിർമ്മിതബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ ദിനപത്രമായി ഇറ്റാലിയൻ പത്രം ഇൽ ഫോഗ്ലിയോ. ഒരു മാസം നീണ്ടു നിന്ന പരീക്ഷണത്തിനൊടുവിലാണ് നേട്ടം സാധ്യമായതെന്ന് പത്രാധിപർ ക്ലോഡിയോ സെറാസ പറഞ്ഞു. പത്രത്തിലെ വാർത്തകളും തലക്കെട്ടുകളും കത്തുകളുമെല്ലാം എഐ നിർമ്മിതമാണ്. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രാംപിനെക്കുറിച്ചും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനെക്കുറിച്ചുമുള്ള എഐ നിർമിത വാർത്തകളാണ് ഒന്നാം പേജിൽ ഇടംപിടിച്ചത്. എഐ പതിപ്പിൽ മാധ്യമപ്രവർത്തകരുടെ ജോലി ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ പരിശോധിക്കുകയും ചെയ്യുന്നതിലേക്ക് മാറിയതായും ക്ലോഡിയോ സെറാസ പറഞ്ഞു.