ഒടുവിൽ പാക്കിസ്ഥാൻ സത്യം പറഞ്ഞു ;ഓപ്പറേഷൻ സിന്ദൂർ നിർത്താൻ സൗദി രാജകുമാരൻ ഫൈസൽ ബിൻ സൽമന്റെ സഹായം തേടി

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായുള്ള ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷം സംഘർഷം ലഘൂകരിക്കാൻ അമേരിക്കയുമായി മാത്രമല്ല, സൗദി അറേബ്യയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ വെളിപ്പെടുത്തി. ജിയോ ന്യൂസിനോട് സംസാരിക്കവേയാണ് ഓപ്പറേഷൻ സിന്ദൂർ നിർത്താൻ അമേരിക്കയ്ക്ക് പുറമെ സൗദി അറേബ്യയുടെയും സഹായം തേടിയതായി പാക് ഉപപ്രധാനമന്ത്രി വെളിപ്പെടുത്തിയത്.
സൗദി രാജകുമാരൻ ഫൈസൽ ബിൻ സൽമാൻ നേരിട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെട്ട് ആക്രമണം നിർത്താനുള്ള പാകിസ്ഥാന്റെ സന്നദ്ധത അറിയിക്കാൻ കഴിയുമോ എന്ന് വ്യക്തിപരമായി അന്വേഷിച്ചുവെന്നും വെടിനിർത്തൽ നയതന്ത്രത്തിന്റെ അണിയറയിൽ സൗദിയും പങ്കാളിയായെന്നും ദാർ പറഞ്ഞു.
പാകിസ്ഥാൻ പ്രത്യാക്രമണം നടത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇന്ത്യയുടെ കൃത്യമായ ആക്രമണങ്ങൾ നൂർ ഖാൻ, ഷോർകോട്ട് വ്യോമതാവളങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്നും ദാർ സ്ഥിരീകരിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണ് ഉപപ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലെന്നതാണ് ശ്രദ്ധേയം.