വി എസ് ശിവകുമാർ മൂന്നാം പ്രതി; സഹകരണ സൊസൈറ്റി നിക്ഷേപ തട്ടിപ്പിൽ കേസെടുത്തു.

അനധികൃത സ്വത്ത് സമ്പാദനത്തിന് നേരത്തെ വിജിലന്‍സും വി എസ് ശിവകുമാറിനെതിരെ കേസെടുത്തിരുന്നു.
തിരുവനന്തപുരം:സഹകരണ നിക്ഷേപ തട്ടിപ്പ് കേസിൽ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിനെതിരെ കേസെടുത്തു. അണ്‍ എംപ്ലോയ്ഡ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയാണ് കരമന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അൺ എംപ്ലോയിസ് കോ ഓപ്പറേറ്റീവ് വെൽഫയർ സൊസൈറ്റിയിൽ 13 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് പുറത്തുവന്ന വിവരം. . തട്ടിപ്പിനെ തുടർന്ന് ശിവകുമാറിന്റെ വീടിനു മുന്നിൽ നിക്ഷേപകർ സമരം നടത്തിയിരുന്നു. സൊസൈറ്റിയുടെ 3 ഓഫീസുകളിൽ രണ്ടെണ്ണം പൂട്ടിപ്പോയിരുന്നു.
ബാങ്ക് പ്രസിഡന്റ് രാജേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. രാജേന്ദ്രന്‍ വിഎസ് ശിവകുമാറിന്റെ ബിനാമിയാണെന്നാണ് ആരോപണം. സൊസൈറ്റിയുടെ മുൻ സെക്രട്ടറി നീലകണ്ഠനാണ് രണ്ടാം പ്രതി.ബാങ്കിലെ നിക്ഷേപകനായ ശാന്തിവിള സ്വദേശി നല്‍കിയ പരാതിയിലാണ് പോലീസ് കേസ് . ബാങ്കില്‍ പണം നിക്ഷേപിച്ചത് ശിവകുമാര്‍ പറഞ്ഞത് അനുസരിച്ചാണെന്നാണ് പരാതിയില്‍ പറയുന്നത്.
ശിവകുമാറിന് സൊസൈറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രസിഡൻ്റ് എം രാജേന്ദ്രന്‍ വ്യക്തമാക്കി.

അനധികൃത സ്വത്ത് സമ്പാദനത്തിന് നേരത്തെ വിജിലന്‍സും വി എസ് ശിവകുമാറിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ശിവകുമാറിന് ബിനാമി ഇടപാടുകളുണ്ടെന്ന് പറഞ്ഞ് ഇ.ഡി നീക്കം. ഹാജരാകുമ്പോള്‍ സമര്‍പ്പിക്കുന്ന സ്വത്ത് വകകള്‍ സംബന്ധിച്ച രേഖകളില്‍ കാര്യമായ പരിശോധന നടത്തും. ശിവകുമാറിന്റെ സുഹൃത്തായ രാജേന്ദ്രനും നോട്ടീസ് അയച്ചെന്നാണ് വിവരം.

