തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റും

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളില്‍ നടപടികളിലേക്ക് കടന്ന് സര്‍ക്കാര്‍. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനനെയും സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടു കൂടിയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്.
അതേസമയം തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ നടപടികളില്‍ ഉയർന്നുവന്ന പരാതികള്‍ വിശദമായി അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കി. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ തൃശൂർ പൂരത്തിൽ കുടമാറ്റത്തിനായി കൊണ്ടു വന്ന കുടകളും ആനയ്ക്കായി കൊണ്ടുവന്ന പട്ടയും പോലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കമ്മീഷണർ അങ്കിത് അശോകിൻ്റെ നേതൃത്വത്തിലാണ് തടയുന്നത്. കുടമാറ്റത്തിന് മുൻപായി ഗോപുരത്തിന് ഉള്ളിലേക്ക് കൊണ്ടു വന്നപ്പോഴാണ് കുടകൾ തടഞ്ഞത്. കുടമാറ്റത്തിന് ശേഷം പൂരത്തിന് തടസമുണ്ടാക്കിയതും കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് എന്ന് പരാതി ഉയർന്നിരുന്നു. പോലീസിൻ്റെ അമിത ഇടപെടൽ മൂലം കഴിഞ്ഞദിവസം തിരുവമ്പാടി ദേവസ്വം രാത്രി പൂരം ചടങ്ങുകൾ മാത്രമാക്കി ചുരുക്കിയിരുന്നു.
പോലീസിനോനോടുള്ള പ്രതിഷേധം കാരണം വെടിക്കെട്ട് ഉപേക്ഷിക്കാനും തീരുമാനമെടുത്തിരുന്നു. പോലീസ് നിയന്ത്രണം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിൻ്റെ നിലപാട്. വെടിക്കെട്ടിന് പോലീസ് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തിയെന്നാരോപിച്ച് പൂരം നിർത്തിവെച്ചാണ് തിരുവമ്പാടി ദേവസ്വം പ്രതിഷേധിച്ചത്.