‘ക്ഷേത്രപരിസരത്ത് ‘നാമജപഘോഷം’ പാടില്ല:’ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്ര പരിസരത്ത് ‘നാമജപഘോഷം’ എന്ന പേരില്‍ പ്രതിഷേധ യോഗങ്ങൾ ചേരുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിരോധിച്ചു. ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിൽ നടക്കുന്ന ആർഎസ്എസ് ശാഖാ പരിശീലനം വിലക്കികൊണ്ടുള്ള മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ സർക്കുലറിലാണ് നാമജപഘോഷങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചത്.
ദേവസ്വങ്ങളിലെ അംഗീകൃത ഉപദേശകസമിതിയിലെ അംഗങ്ങൾ അടക്കമുള്ളവർ ദേവസ്വം ബോർഡിന് എതിരായി ക്ഷേത്രത്തിനകത്തും ക്ഷേത്ര വസ്തുവിലും മൈക്ക് സ്ഥാപിച്ച് ‘നാമജപഘോഷം’ എന്ന പേരിൽ പ്രതിഷേധ യോഗം ചേരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ ക്ഷേത്രത്തിന്റെ സമാധാന അന്തരീക്ഷത്തിന് വിരുദ്ധമാണ്. ‘നാമജപഘോഷം’ എന്ന പേരിലോ മറ്റേതെങ്കിലും പേരിലോ പ്രതിഷേധ യോഗങ്ങൾ ക്ഷേത്ര വസ്തുവിൽ ചേരുന്നത് നിരോധിച്ചെന്നും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്ന പക്ഷം ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.
