കറുപ്പ്

നിൻറെ നിറം കറുപ്പ്
നിൻറെ കണ്ണിൽ ദൈന്യത
എൻറെ നിറം വെളുപ്പ്
എൻറെ കണ്ണിൽ തീവ്രത
നിൻറെ കയ്യിൽ ശൂന്യത
നിൻറെ തോളിൽ മാറാപ്പ്
എൻറെ കയ്യിൽ ചാട്ടവാർ
എന്റെ തോളിൽ ആടയും
നിന്റേതല്ല ലോകം
നിന്റേതല്ല സമയം
എന്റേതാണ് ലോകം
എന്റേതാണ് നീതി
നിൻറെ സത്യം
നിന്നിൽ ഒതുങ്ങും
എൻറെ ആജ്ഞ
നിന്നെയൊതുക്കും
നിന്നെ കാക്കാൻ
നീ മാത്രം
നിൻറെ മാനം
നിൻറെ മാത്രം
എന്നെ കാക്കാൻ
എന്റെ പണം
എൻറെ മാനം
നാടിൻ സ്വന്തം
നീ ജനിച്ച മണ്ണ്
നീ പെറ്റ കുഞ്ഞ്
ഒന്നും നിന്റേതല്ല
അവകാശമില്ലതൊന്നിലും…
കടലുകൾക്കപ്പുറത്ത്
കാണാത്ത മണ്ണിൻമാറിൽ
ഇല്ലാത്ത കണ്ണുനീർ
പൊഴിച്ചിടും ഞാൻ,കാരണം
വിശ്വമാണെന്റെ ദുഃഖം
അതാണെന്റെ കപട രീതി
അതാണെന്റെ ലക്ഷ്യമാര്‍ഗ്ഗം
അതുമാത്രമാണെന്റെ നീതിബോധം
കുറിപ്പ്:-
കറുപ്പ് നിറമുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ഇരുളിൽ അലിയാതിരിക്കട്ടെ.
ഇരുളിന് നിറം കറുപ്പാണ്.
കറുപ്പിനു ശേഷം പകലാണ്.
