അനാസ്ഥയുടെ അവഗണനയുടെ സൂംബാ നൃത്തം…

 അനാസ്ഥയുടെ അവഗണനയുടെ സൂംബാ നൃത്തം…

വാരചിന്ത/പ്രവീൺ

ടുവിൽ എല്ലാവരും ഉണർന്നു. പുരാണങ്ങളിൽ വായിച്ചും കേട്ടുമറിഞ്ഞിട്ടുള്ള കുംഭകർണ്ണനെ പോലും തോൽപ്പിക്കാൻ കഴിയാവുന്ന തരത്തിലുള്ള മാനുഷ ജന്മങ്ങളുടെ ഒരു നാടാണ് നമ്മുടേതെന്ന് അടിവരയിട്ട് ഉറപ്പിക്കും പോലെ അവർ ഉണർന്നു-15 വർഷങ്ങൾക്കു ശേഷം.
ഈ കാലയളവ് എടുത്തു പറയാൻ കാരണം. ഒരു പക്ഷത്തിനും പരസ്പരം കുറ്റം പറയാൻ അവകാശമില്ല എന്ന് ചൂണ്ടിക്കാണിക്കാൻ വേണ്ടി മാത്രമാണ്. ഈ കാലയളവിനുള്ളിൽ മലയാളികൾ അനുഭവിക്കാൻ വിധിക്കപ്പെട്ടിട്ടുള്ള രണ്ടു കക്ഷികളുടെയും ഭരണം കടന്നുപോയിട്ടുണ്ട്. അന്നൊന്നും ഈ തേവലക്കര സ്കൂളിന് മുകളിലൂടെ കടന്നുപോകുന്ന ഹൈ വോൾട്ടേജ് ലൈനിന്റെ അപകടസാധ്യതയെ കുറിച്ചോ, അതിനു തൊട്ടു താഴെ നിശ്ചിത അകലം പോലും പാലിക്കാതെ നിർമ്മിച്ച ഷെഡിനെ കുറിച്ചോ ഒരു വേവലാതിയും നമ്മുടെ സ്കൂൾ അധികൃതർക്കിടയിലോ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിനോ, വിവിധ രാഷ്ട്രീയ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന സ്ഥലത്തെ പ്രാദേശിക നേതാക്കൾക്കോ, എന്തിനുപരി നമ്മുടെ സാമൂഹിക സാംസ്കാരിക നായകൻമാർക്കോ ഇല്ലായിരുന്നു എന്ന് മനസ്സിലാക്കുമ്പോൾ ലജ്ജിച്ചു കുറ്റബോധത്തോടെ തലകുനിക്കാൻ മാത്രമേ കഴിയുന്നുള്ളൂ. അത്രമാത്രം അതി ദാരുണമായിരുന്നു, ആ കുഞ്ഞിൻറെ ഷോക്കേറ്റ് ഉള്ള അപകട മരണം!


ഇത്രയും വലിയ അനാസ്ഥ കാണിച്ച-സ്കൂൾ അധികൃതർക്ക്, സ്കൂൾ മാനേജ്മെന്റിന്, ഇലക്ട്രിസിറ്റി ജീവനക്കാർക്ക്, മറ്റ് റവന്യൂ ഉദ്യോഗസ്ഥർക്ക്- ആർക്കെതിരെയും മാതൃകാപരമായ ഒരു നടപടിയും ഇല്ല, എന്നതിന്റെ ധാർമികബോധമോ നീതിബോധമോ മനസ്സിലാക്കാൻ ആവുന്നില്ല. ആരെയാണ് ഭയക്കുന്നത് അല്ലെങ്കിൽ ആരെയാണ് സംരക്ഷിക്കുന്നത്.? നാമമാത്രമായ നടപടിയും തിടുക്കപ്പെട്ടുള്ള ധനസഹായവും ഉയർന്നുവരുന്ന ജനരോക്ഷത്തെ പിടിച്ചുനിർത്താനാകും എന്ന് ഉത്തമ ബോധ്യമുള്ള ഒരു ഭരണ സംവിധാനത്തിന്റെ പൊള്ളയായ ചട്ടക്കൂടിനുള്ളിലിരുന്നാണ് ഈ പാവപ്പെട്ട കുട്ടികൾ കളിച്ചും പരിമിത സാഹചര്യങ്ങളിലൂടെ പഠിച്ചും ഇനിയും മുന്നേറേണ്ടത്.
ഉത്തരം പറയേണ്ട എല്ലാവരും മറ്റുള്ളവരെ പഴിചാരി ഉറഞ്ഞുതുള്ളുന്നു നൃത്തം ചവിട്ടുന്നു.

13 വയസ്സുകാരനായ ഒരു കൊച്ചു കുഞ്ഞിൻറെ ജീവൻ ഏകോപനമില്ലായ്മയുടെയും ഉത്തരവാദിത്വമില്ലായ്മയുടെയും ഫലമായി അതിദാരുണമായി നഷ്ടപ്പെട്ടപ്പോൾ ദുരന്തം സംഭവിച്ച സ്കൂളിന് ഏറെ ദൂരെയല്ലാത്ത ഒരിടത്ത് മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സൂംബ നൃത്തത്തിൽ ഏർപ്പെടുകയായിരുന്നു വളരെ ഉത്തരവാദിത്വം കാണിക്കേണ്ട മാതൃകയാവേണ്ട സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമാകേണ്ട എല്ലാറ്റിലുമുപരി സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്ന ഒരു മന്ത്രി ഉൾപ്പെടെയുള്ള ഒരു സംഘം.! ന്യായീകരണങ്ങൾ പലതുണ്ടാകാം ന്യായീകരിക്കാൻ ഒരുപാട് പേരുണ്ടാകാം എന്നിരുന്നാലും ഇതൊന്നും മാപ്പർഹിക്കാത്ത പ്രവർത്തി തന്നെയാണ്…

കളി കുട്ടിക്കാലം കഴിഞ്ഞിട്ടില്ലാത്ത ഒരു കൊച്ചു കുഞ്ഞ് താങ്ങായും തണലായും ജീവിതകാലം മുഴുവൻ നിൽക്കേണ്ട സ്വന്തം ചേട്ടൻറെ കുഞ്ഞു ചിതയ്ക്ക് തീ കൊളുത്തുമ്പോൾ ലോകത്താകമാനം ഉള്ള ഈ വാർത്ത കേട്ടറിഞ്ഞിട്ടുള്ള ഓരോ മനുഷ്യനും ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു. ഇതുപോലെ ഒരു അവസ്ഥ ഇനിയും ഒരു കുഞ്ഞിനും ഒരു കുടുംബത്തിനും സംഭവിക്കരുതേ എന്ന്… അപ്പോഴും കേട്ടു, സ്വന്തം വകുപ്പിന്റെ അന്തസത്തയെ പോലും നാണം കെടുത്തുന്ന മന്ത്രിയുടെ അടിയന്തര ധനസഹായത്തിന്റെ കണക്ക് നിരത്തലുകൾ…!


ഭരണമേലാളന്മാർ ഒരു പോക്കറ്റ് മണിയുടെ വിലപോലും കൽപ്പിക്കാത്ത ഇത്തരം അനാസ്ഥകളും അപകടങ്ങളും മുൻകൂട്ടി കണ്ടെത്താൻ ഇല്ലാതാക്കാൻ ഉണർന്നു പ്രവർത്തിക്കേണ്ടത് ഇവിടത്തെ വിദ്യാർത്ഥി സമൂഹമാണ്. ചേരി തിരിഞ്ഞല്ല , പരസ്പരം കലർപ്പില്ലാതെ സ്നേഹിക്കാനും ഒരൊറ്റ ലക്ഷ്യത്തിലേക്ക് കൈപിടിച്ച് നടക്കാനും ഒരുമിച്ച് ഒരു സമൂഹമായി മുന്നേറണം എന്ന ഈ കാലത്തിൻറെ അനിവാര്യത മനസ്സിലാക്കേണ്ടത് അവരാണ്.
കാരണം അവരാണ് നാളെയുടെ വാഗ്ദാനങ്ങൾ,നല്ല നാളെയുടെ ഭരണത്തിൻറെ കാവലാളന്മാർ…

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News