നവരാത്രി ഘോഷയാത്ര ഒന്നിനു തുടങ്ങും
നാഗർകോവിൽ:
തിരുവനന്തപുരത്ത് നടക്കുന്ന നവരാത്രി പൂജയിൽ പങ്കെടുക്കുന്നതിനായി പത്മനാഭപുരം കൊട്ടാരത്തിൽ നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്ടോബർ ഒന്നിന് തുടങ്ങും. പത്മനാഭപുരം കൊട്ടാര വളപ്പിലെ തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ ദേവവിഗ്രഹങ്ങളാണ് ഘോഷയാത്രയായി തിരുവനന്തപുരത്തേയ്ക്ക് എഴുന്നള്ളിക്കുന്നത്.ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനായി ശുചീന്ദ്രത്തുനിന്നുള്ള മൂന്നൂറ്റിനങ്ക വിഗ്രഹം 30ന് രാവിലെ 6.30 നും 7.30 നും മധ്യേ പത്മനാഭപുരത്തേയ്ക്ക് എഴുന്നള്ളിക്കും.ഒക്ടോബർ നാലിന് ആരംഭിക്കുന്ന നവരാത്രിപൂജ 13 ന് സമാപിക്കും. ഒരു ദിവസത്തെ നല്ലിരുപ്പിനു ശേഷം 15 ന് ആരംഭിക്കുന്ന വിഗ്രഹങ്ങളുടെ മടക്ക യാത്ര 17 ന് പത്മനാഭപുരത്ത് എത്തിച്ചേരും.