ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് അമ്മയ്ക്ക് എതിരായുള്ളത് അല്ല:അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ്

കൊച്ചി:
ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത് താരസംഘടനയായ അമ്മ. റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാതെ അമ്മ ഭാരവാഹികള്‍ ഒളിച്ചോടിയിട്ടില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഷോ റിഹേഴ്‌സല്‍ നടക്കുന്നതിനാലാണ് ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം വൈകിയത്. റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. ഹേമാ കമ്മറ്റിയുടെ നിര്‍ദേശം നടപ്പില്‍ വരുത്തണമെന്നാണ് ആഗ്രഹം. മലയാള സിനിമയിലുള്ളവര്‍ മുഴുവന്‍ മോശക്കാരാണ് എന്ന അർത്ഥത്തില്‍ പരാമര്‍ശങ്ങളില്‍ വിഷമമുണ്ടെന്നും സിദ്ദീഖ് പറഞ്ഞു.
ഈ റിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ അമ്മ ഭാരവാഹികള്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് എതിരെ അമ്മ ഒന്നും ചെയ്തിട്ടില്ല. ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് അമ്മയ്ക്ക് എതിരായുള്ളത് അല്ല. അമ്മ എന്ന സംഘടന പ്രതിസ്ഥാനത്തില്ല. തങ്ങളുടെ അംഗങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചാണ് അതില്‍ പറയുന്നത്. തങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് മാധ്യമങ്ങൾ പലപ്പോഴും ശ്രമിക്കുന്നത്. കുറ്റകൃത്യങ്ങള്‍ നടക്കുന്നിട്ടുണ്ടെങ്കില്‍ പൊലീസ് കേസെടുത്ത് ശിക്ഷിക്കുകയാണ് വേണ്ടത്. പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരെ സംരക്ഷിക്കാന്‍ അമ്മ ഒരിക്കലും ശ്രമിച്ചിട്ടില്ല.