കേരളത്തിലെ ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണക്കൊള്ളയില്‍ കേന്ദ്രം ഇടപെടണം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍

ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ഉള്‍പ്പെടെയുള്ള കേരളത്തിലെ ക്ഷേത്രങ്ങളിലെ അഴിമതിയിലും സ്വര്‍ണ്ണത്തട്ടിപ്പ് അടക്കമുള്ള വിഷയങ്ങളിലും അടിയന്തിരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ .
പുണ്യക്ഷേത്രമായ ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണം മോഷണം പോയതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ, സംസ്ഥാനത്തെ മറ്റ് ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ഭൂമിയും സ്വര്‍ണ്ണവും മോഷണം പോയ സമാനമായ സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്.
സ്വര്‍ണ്ണം പൂശിയുള്ള ജോലികളിലെ ഗുരുതരമായ തട്ടിപ്പുകള്‍, സ്വര്‍ണ്ണത്തിന്റെ അളവിലെ വിശദീകരിക്കാനാകാത്ത കുറവുകള്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുള്ളിലെ വ്യവസ്ഥാപരമായ ദുര്‍ഭരണം എന്നിങ്ങനെ നിരവധി ക്രമക്കേടുകളാണ് കോടതി ഇടപെടലിലൂടെയും മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയും പുറത്തുവന്നിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന കുറ്റകൃത്യങ്ങളും അഴിമതികളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തന്നെ വീഴ്ചകളാണെന്ന് കേരള ഹൈക്കോടതി വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്.