കർണാടകയിലെ ക്ഷേത്ര നികുതി ബിൽ ലെജിസ്ലേറ്റീവ് കൗൺസിൽ തള്ളി

കർണാടകയിലെ ക്ഷേത്ര നികുതി ബിൽ ലെജിസ്ലേറ്റീവ് കൗൺസിൽ തള്ളി. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന് വലിയ തിരിച്ചടി നൽകുന്നതാണ് നീക്കം. ബില്ലിന് രണ്ട് ദിവസം മുൻപാണ് സംസ്ഥാന നിയമസഭ ഇതിന് അംഗീകാരം നൽകിയത്. ഒരു കോടി രൂപയ്‌ക്ക് മുകളിൽ വരുമാനമുള്ള ക്ഷേത്രങ്ങളുടെ വരുമാനത്തിന് 10 ശതമാനം നികുതി നിർബന്ധമാക്കിയ ബില്ലാണ് കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ തള്ളിയത്. ശബ്ദവോട്ടെടുപ്പ് ആണ് ലെജിസ്ലേറ്റീവ് കൗൺസിലിൽ നടത്തിയത്. ബില്ലിനെ അനുകൂലിച്ച് ഏഴ് വോട്ടുകളും എതിർത്ത് 18 വോട്ടുകളും രേഖപ്പെടുത്തി.
കോൺഗ്രസ് ഹിന്ദു വിരുദ്ധ നയങ്ങൾ നടപ്പാക്കുകയാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു. ഒരു കോടിയിൽ അധികം വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 10 ശതമാനവും, 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 5 ശതമാനവും നികുതി പിരിക്കാൻ സർക്കാരിന് അധികാരം നൽകുന്നതായിരുന്നു ‘കർണാടക ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റിയൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ബിൽ 2024”.