ഇനി മുതൽ ട്രെയിൻ യാത്രക്കിടയിൽ ഇഷ്‌ടഭക്ഷണം സൊമാറ്റോയിൽ നിന്ന് ഓർഡർ ചെയ്‌ത് കഴിക്കാം

ഹൈദരാബാദ്:
ട്രെയിൻ യാത്രക്കിടയിൽ ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ പലപ്പോഴും നിങ്ങൾ മടിക്കാറില്ലേ? ഭക്ഷണത്തിന്‍റെ രുചിയും ഗുണനിലവാരവും ശുചിത്വവും തന്നെയാണ് ഇതിന് കാരണം. എന്നാൽ ഇനി നിങ്ങൾക്ക് ട്രെയിനിൽ യാത്ര ചെയ്യവെ സൊമാറ്റോയിൽ നിന്നും ഇഷ്‌ടഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യാൻ സാധിക്കും.
ട്രെയിൻ കോച്ചുകളിലേക്ക് നേരിട്ട് ഭക്ഷണം ഡെലിവറി ചെയ്യുന്നതിന് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഐആർടിസിയുമായി കൈകോർക്കുകയാണ്. ഇതോടെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കും, റെയിൽവേ സ്റ്റേഷനിൽ ഇരിക്കുന്നവർക്കും ഇഷ്‌ടപ്പെട്ട ഭക്ഷണം വാങ്ങാനാകും. നിലവിൽ ഇന്ത്യയിലെ 88 നഗരങ്ങളിൽ ഈ സേവനം ലഭ്യമാണ്. പദ്ധതി വിപുലീകരിക്കാൻ ഒരുങ്ങുകയാണ് സൊമാറ്റോ ഇപ്പോൾ.
പ്രാദേശിക ഭക്ഷണങ്ങൾ മുതൽ അന്താരാഷ്ട്ര വിഭവങ്ങൾ വരെ ലഭ്യമാക്കുമെന്നാണ് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ പറയുന്നത്.