വസന്തോത്സവത്തിന് തുടക്കം
തിരുവനന്തപുരം:
പുഷ്‌പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വർണക്കാഴ്ചയൊരുക്കി പുതുവർഷത്തെ വരവേൽക്കാൻ കനകക്കുന്ന് ഒരുങ്ങി. ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന വസന്തോത്സവം ബുധനാഴ്ച വൈകിട്ട് ആറിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വി ശിവൻ കുട്ടി അധ്യക്ഷനാകും. മന്ത്രി ജി ആർ അനിൽ മുഖ്യാതിഥിയാകും.ഇലൂമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാർമണി എന്ന ആശയത്തിലാണ് ആഘോഷപരിപാടി. കഴിഞ്ഞ വർഷത്തേക്കാൾ പതിന്മടങ്ങ് സൗന്ദര്യത്തോടെയാണ് പുതുവർഷത്തെ വരവേറ്റുകൊണ്ടുള്ള ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. പടുകൂറ്റൻ ഗ്ലോബ് ലണ്ടനിലെ ക്രിസ്മസിനെ ഓർമ്മിപ്പിക്കും വിധം യൂറോപ്യൻ സ്ട്രീറ്റ്, കുട്ടികൾക്കായി സിൻഡ്രല്ല, പോളാർ ബിയർ, ദിനോസർ, വിവിധ ലൈറ്റുകൾ കൊണ്ടുള്ള രൂപങ്ങൾ എന്നിവയുണ്ടാകും. വിവിധ ഇനം ചെടികളുടെ അപൂർവ ശേഖരങ്ങളുമായി വിവിധ സ്റ്റാളുകൾ വസന്തോത്സവത്തിലുണ്ട്.കൂടാതെ ഭക്ഷ്യമേള, വ്യാപാരമേള എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.