ഹേമ കമ്മീഷൻ റിപ്പോർട്ടിന് സ്റ്റേ

കൊച്ചി:
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മീഷന്റെ റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി തടഞ്ഞു. ബുധനാഴ്ച റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് നടപടി.സിനിമാ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി പരിഗണിച്ചാണ് ഒരാഴ്ചത്തെ സ്റ്റേ ജസ്റ്റിസ് പി എം മനോജ് നൽകിയത്. റിപ്പോർട്ട് കൈമാറണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും റിപ്പോർട്ട് പുറത്ത് വിടരുതെന്നുമാണ് ഹർജിയിലെ ആവശ്യം. സിനിമാ ഷൂട്ടിങ് ലൊക്കേഷനുകൾ, അനുബന്ധ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ 2017 ലാണ് റിട്ട.ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ കമ്മീഷനെ സർക്കാർ നിയമിച്ചത്.