കെനിയൻ പാർലമെന്റിന് തീയിട്ടു

നെയ്റോബി:
അധികനികുതി ഏർപ്പെടുത്തുന്നതിനെതിരെയുള്ള കെനിയയിലെ ജനകീയപ്രക്ഷോഭം തെരുവുയുദ്ധമായി. ബാരിക്കേഡുകൾ ഭേദിച്ച് പ്രക്ഷോഭകർ പാർലമെന്റ് കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി തീയിട്ടു. പാർലമെന്റ് മന്ദിരത്തിന്റെ ഒരു ഭാഗത്ത് തീ പടർന്നു. പൊലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നുപേർ ചലനമറ്റുകിടക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. നാലു പേർക്ക് വെടിയേറ്റതായി കെനിയൻ മനുഷ്യാവകാശ കമ്മീഷൻ സ്ഥിരീകരിച്ചു. ഭൂരിഭാഗം ജനങ്ങളും പട്ടിണിയിലായിരിക്കെ അധികനികുതി ഈടാക്കാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതാണ് പ്രതിക്ഷേധത്തിന് കാരണം.