ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാതിക്രമ പരാതി :സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതി ലഭിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദർ. പരാതി നോർത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്. ഐപിസി 354 പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
കേസിലെ തുടർനടപടികൾ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിർദേശപ്രകാരം എടുക്കുമെന്നും കമ്മീഷ്ണർ പറഞ്ഞു. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് ശ്രീലേഖ കൊച്ചി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. ആരോപണം പുറത്തുവന്നതിന് പിന്നാലെ രഞ്ജിത്ത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.
അതിക്രമം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വെച്ചാണെന്നും പരാതിയില്‍ പറയുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീലേഖ മിത്ര അയച്ച ഇമെയില്‍ പരാതിയിലുണ്ട്. രഞ്ജിത്ത് നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ശ്രീലേഖ പരാതി നല്‍കിയിരിക്കുന്നത്. കേസെടുക്കാന്‍ പരാതി വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അറിഞ്ഞു. അതുകൊണ്ടാണ് രേഖാമൂലം ഇപ്പോള്‍ പരാതി നല്‍കുന്നതെന്നും ശ്രീലേഖ മിത്ര പറഞ്ഞു.