വിരണ്ടോടിയ കാട്ടുപോത്തിനെ പിടികൂടി വനത്തിൽ വിട്ടു

തിരുവനന്തപുരം:
തലസ്ഥാന നഗരത്തിനോടു ചേർന്ന് ജനവാസമേഖലയിൽ രണ്ടു ദിവസം ഭീതി പരത്തിയ കാട്ടുപോത്തിനെ മയക്കു വെടിവച്ച് പിടികൂടി. ചൊവ്വാഴ്ച രാത്രിയാണ് മംഗലപുരത്തിന് സമീപം തലയ്ക്കോണത്ത് കാട്ടുപോത്തിനെ കണ്ടത്. മയക്കു വെടി വച്ച് പിടികൂടാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു. ബുധനാഴ്ച പകൽ മുഴുവൻ തെരഞ്ഞെങ്കിലും പോത്തിനെ കണ്ടെത്താനായില്ല. വ്യാഴാഴ്ച പകൽ വെഞ്ഞാറമൂട് പിരപ്പൻ കോട് ഭാഗത്ത് പോത്തിനെ കണ്ടു. എം സി റോഡിനോട് ചേർന്ന് വീടുകൾക്ക് സമീപം റബ്ബർ തോട്ടത്തിൽ നിലയുറപ്പിച്ച പോത്തിനെ വനപാലകരെത്തി മയക്കു വെടിവച്ചു. വനപാലകരും ഫയർ ഫോഴ്സും ചേർന്ന് പോത്തിനെ ലോറിയിൽ കയറ്റി പേപ്പാറ വനത്തിൽ തുറന്നു വിട്ടു.