തീവ്രവാദത്തെ ലക്ഷ്യം വയ്ക്കാൻ ഭാരതം മടിക്കില്ല :പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

ക്വിങ്‌ദാവോ:
തീവ്രവാദത്തെ ലക്ഷ്യം വയ്ക്കാൻ ഭാരതം മടിക്കിമടിക്കില്ലെന്ന് എസ്‌സിഒ യോഗത്തിൽ രാജ്‌നാഥ് സിങ് പറഞ്ഞു. തീവ്രവാദത്തോട് ഇന്ത്യ ഒരു സഹിഷ്‌ണുതയും കാണിക്കില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ചൈനയിലെ ക്വിങ്‌ദാവോയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്‌സിഒ അംഗങ്ങൾ തീവ്രവാദത്തെ അപലപിക്കണമെന്നും ഭീകരതയുടെ പ്രഭവകേന്ദ്രങ്ങൾ ഇനി സുരക്ഷിതമല്ലെന്ന് തങ്ങൾ തെളിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്‌സിഒ പ്രതിരോധമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയതിൽ സന്തോഷമുണ്ട്. പരിപാടിയുടെ ആതിഥേയരുടെ ഊഷ്‌മളമായ ആതിഥ്യമര്യാദയ്ക്ക് നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നു. എസ്‌സിഒ കുടുംബത്തിൽ ഒരു പുതിയ അംഗമായി ചേർന്നതിന് ബെലാറസിനെയും താൻ അഭിനന്ദിക്കുന്നു. നമ്മൾ ജീവിക്കുന്ന ലോകം സമൂലമായ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
ആഗോളവൽക്കരണത്തിന് വേഗത നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൊവിഡിന് ശേഷം സമ്പദ്‌വ്യവസ്ഥയെ പുനർനിർമിക്കുന്നതിനും സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും ഉള്‍പ്പെടെ അടിയന്തിര വെല്ലുവിളികളെ അഭിസംബോധന ചെയ്യാൻ പ്രയാസമുണ്ടായെന്നും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി.
ചില രാജ്യങ്ങൾ അതിർത്തി കടന്നുള്ള ഭീകരതയെ ഉപകരണമായി ഉപയോഗിക്കുകയും തീവ്രവാദികൾക്ക് അഭയം നൽകുകയും ചെയ്യുന്നുവെന്നും പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. അത്തരം ഇരട്ടത്താപ്പുകൾക്ക് സ്ഥാനമില്ല. അത്തരം രാജ്യങ്ങളെ വിമർശിക്കാൻ എസ്‌സിഒ മടിക്കരുതെന്നും രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. യോഗത്തിൽ പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫും ഉണ്ടായിരുന്നു.