ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴ; കേരള തീരത്ത് മത്സ്യബന്ധനത്തിന് അനുമതി

തിരുവനന്തപുരം:
കേരള തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി ദുർബലമായതോടെ ഇന്നലെ സംസ്ഥാനത്ത് മഴ കുറഞ്ഞു.എന്നാൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയുണ്ടാകും.അതേസമയം ബംഗാളിൽ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നലെ റിമാൽ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല. മഴക്കെടുതിയിൽ ഒരാൾ കൂടി മരിച്ചു. കോട്ടയം ആർപ്പൂക്കര കൈപ്പുഴമൂട്ടിൽ ഹൗസ്ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ് കാണാതായ കുമരകം സ്വദേശി അനീഷിന്റെ മൃതദേഹമാണ് ഇന്നലെ ലഭിച്ചത്.
അടുത്ത 3 മണിക്കൂറിൽ (പുലർച്ചെ 4 മണിക്ക് പ്രഖ്യാപിച്ചത്) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ലക്ഷദീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൽക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാൽ യാതൊരു കാരണവശാലും ബംഗാൾ ഉൽക്കടലിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.