മുഹമ്മദ് റിയാസ്എല്ലാ വകുപ്പിലും കൈയിട്ട് വാരുന്നു

കോഴിക്കോട്:
മദ്യനയ അഴിമതി ആരോപണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബാർ കോഴ യുഡിഎഫ് കാലത്തിന്റെ തനിയാവർത്തനമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നതാണെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
‘‘മുഹമ്മദ് റിയാസ് നിഴൽ മുഖ്യമന്ത്രിയാണ്. അദ്ദേഹം എല്ലാ വകുപ്പിലും കൈയിട്ട് വാരുന്നു. സംസ്ഥാനത്ത് അധികാരം മുഹമ്മദ് റിയാസിൽ നിക്ഷിപ്തമാണ്’’- സുരേന്ദ്രൻ വിമർശിച്ചു. മന്ത്രിസഭ അറിഞ്ഞുകൊണ്ടാണോ വകുപ്പുകളുടെ യോഗം ചേർന്നത് എന്നും വിഷയത്തിൽ സിപിഐ അടക്കം മറ്റ് ഘടകകക്ഷികളുടെ നിലപാട് എന്താണെന്നും ചോദിച്ച അദ്ദേഹം, മുഖ്യമന്ത്രി മൗനം വെടിയാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.