വാതിൽപ്പടി വിതരണം ഊർജ്ജിതം: മന്ത്രി ജി.ആർ. അനിൽ

 വാതിൽപ്പടി വിതരണം ഊർജ്ജിതം: മന്ത്രി ജി.ആർ. അനിൽ

വാതിൽപ്പടി വിതരണം ഊർജ്ജിതം: മന്ത്രി ജി.ആർ. അനിൽ
ഗതാഗത കരാറുകാരുടെ സമരം അവസാനിച്ചുവെങ്കിലും കാലവർഷം കാരണം റേഷൻ വിതരണം പ്രതിസന്ധിയിലാണ് എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കനത്ത മഴയും കാറ്റും ചില സ്ഥലങ്ങളിലെ വാതിൽപ്പടി വിതരണത്തിൽ തടസ്സം സൃഷ്ടിച്ചെങ്കിലും ജൂൺ മാസത്തെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം നിലവിൽ 65 ശതമാനം പൂർത്തിയായിട്ടുണ്ട്. പൊതുവിതരണ കമ്മിഷണറും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടമായി മന്ത്രി നടത്തിയ അവലോകനയോഗത്തിൽ ഇക്കാര്യം സ്ഥിതീകരിച്ചു.
മെയ് മാസത്തെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ പൂർണമായും പൊതുവിതരണ കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്. ഈ മാസത്തെ റേഷൻ വിതരണം അവസാനിക്കാൻ 4 ദിവസങ്ങൾ ശേഷിക്കെ മെയ് 27 വൈകുന്നേരം 6 മണി വരെ 3,78,581 കുടുംബങ്ങൾ റേഷൻ കൈപ്പറ്റിയതുൾപ്പെടെ റേഷൻ വിതരണം 58.77 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. മലയോര – തീരദേശ മേഖലകൾ ഉൾപ്പെടെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 80 ശതമാനത്തിലധികം കുടുംബങ്ങൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. വാതിൽപ്പടി വിതരണക്കാരുടെ സമരം നടന്ന ദിവസങ്ങളിൽ പോലും പ്രതിദിനം മൂന്ന് ലക്ഷത്തോളം കുടുംബങ്ങൾ റേഷൻ വിഹിതം കൈപ്പറ്റിയിരുന്നു. സാധാരണയായി മാസത്തിന്റെ അവസാനദിനങ്ങളിലാണ് കൂടുതൽ പേരും റേഷൻ വാങ്ങാനായി പൊതുവിതരണകേന്ദ്രങ്ങളിൽ എത്തിച്ചേരുക. എന്നാൽ നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മാസത്തിന്റെ അവസാന ദിവസത്തേക്ക് മാറ്റി വയ്ക്കാതെ  കഴിവതും വേഗം റേഷൻ വിഹിതം കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News