വാരചിന്ത ” മുന്നറിയിപ്പുകൾ”

–
നിനച്ചിരിക്കാതെ എത്തുന്ന പ്രകൃതി ദുരന്തങ്ങൾക്കു മുൻപിൽ നിസ്സഹായരായി കണ്ണുനീർ വറ്റാതെ ജീവിക്കുന്നവരാണ് നമ്മൾ മലയാളികൾ.
ഓരോ ദുരന്തവും ഓരോ പാഠമാണ്- മനുഷ്യനിർമ്മിതവും അല്ലാത്തവയും.
മഴ കനക്കുന്നു…
കാലവർഷം വന്നെത്തി-പതിനാറു വർഷങ്ങൾക്കു ശേഷം വളരെ നേരത്തെ…
ഒരു ചോദ്യം ഉയർന്നു വരുന്നു.ആരോടാണ് നാം പോരാടേണ്ടത്.?
പല രീതിയിൽ ഈ ചോദ്യത്തെ നമുക്ക് വ്യാഖ്യാനിക്കാം.ഉത്തരങ്ങൾ പലതാണ്.എല്ലാ തരത്തിലുള്ള വ്യാഖ്യാനങ്ങൾ വന്നാലും, ഒടുവിൽ ആത്യന്തികമായി ഒരേ ഒരു ഉത്തരം മാത്രം…അതെ, നമ്മൾ പോരാടേണ്ടത് പ്രകൃതിയോടാണ്, പ്രകൃതി ദുരന്തങ്ങളോടാണ്-
ലോക ചരിത്രം പരിശോധിച്ചാൽ പ്രകൃതിയോട് പട വെട്ടി വിജയിച്ചു മുന്നേറുന്ന ഒരുപാട് ജനവിഭാഗങ്ങളെയും രാജ്യങ്ങളെയും നമുക്ക് കണ്ടെത്താൻ കഴിയും.അതിൽ നിന്നെല്ലാം ഊർജ്ജം ഉൾക്കൊണ്ട്, ഈ മഴക്കാലത്തെയും നമുക്ക് കരുതലോടെ നേരിടാം…
ഇനി വരാൻ പോകുന്നത് അതിശക്തമായ മഴയാണ് എന്ന മുന്നറിയിപ്പുകളും വന്നുകൊണ്ടിരിക്കുന്നു.
റെഡ് അലർട്ട്…
ഓറഞ്ച് അലർട്ട്…
യെല്ലോ അലർട്ട്…
എന്നിവ ജീവിതത്തിൻറെ ഭാഗമായി കഴിഞ്ഞു.
ഓരോ ദിവസം പുലരുമ്പോഴും മാധ്യമങ്ങളിലൂടെ നമ്മൾ ആദ്യം നോക്കുന്നത് ഇന്ന് ഏതുതരം മഴ മുന്നറിയിപ്പാണ് എന്നാണ്.
ഏറ്റവും കൂടുതൽ ആകുലപ്പെടേണ്ടത് നമ്മുടെ കുഞ്ഞുങ്ങളെക്കുറിച്ചോർക്കുമ്പോൾ തന്നെയാണ്.
സ്കൂളിൽ പോയി തിരിച്ച് സുരക്ഷിതരായി വീട്ടിലെത്തും വരെ നമുക്ക് ആധിയാണ്.
ആ മാനസികാവസ്ഥയിൽ തന്നെയാണ് നമ്മുടെ ജോലികളിൽ ഏർപ്പെടേണ്ടതും.
എന്നും എപ്പോഴും ഒരു കാര്യം മാത്രം ഓർമിക്കുക.
മുന്നറിയിപ്പുകൾ വ്യക്തതയോടെ മനസ്സിലാക്കുക…,
നിർദ്ദേശങ്ങൾ കൃത്യതയോടെ പാലിക്കുക…,
കുഞ്ഞുങ്ങളെ അതിന് പ്രാപ്തരാക്കുക…
ഈ കാലവും നമ്മൾ ഒരുമയോടെ മറികടക്കും…
———————–
