ബിഹാർ തെരഞ്ഞെടുപ്പിൽ നിതീഷിനെതിരെ മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി.’ഇന്ത്യ’ സഖ്യത്തിൽ വീണ്ടും വിള്ളൽ?

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ശനിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ച് പാർട്ടി രംഗത്തുവന്നത്. അതേസമയം, എഎപിയുടെ ഈ നീക്കം 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപംകൊണ്ട പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുമോ എന്ന വാദം ഉയർന്നുകഴിഞ്ഞു.
2025ലാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. എഎപി ജനറൽ സെക്രട്ടറി സന്ദീപ് പതക് ദേശീയ തലസ്ഥാനത്ത് എഎപിയുടെ ബിഹാർ യൂണിറ്റ് നേതാക്കളുമായും പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി. യോഗത്തിൽ സന്ദീപ് ബിഹാറിൽ പാർട്ടി ശക്തിപ്പെടേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഡൽഹിയിൽനിന്നുള്ള എഎപി. യോഗത്തിൽ എംഎൽഎയും ബിഹാറിന്റെ ചുമതലയുമുള്ള അജേഷ് യാദവും പങ്കെടുത്തിരുന്നു
”മോശം രാഷ്ട്രീയാവസ്ഥ കാരണം ബിഹാർ മുന്നോട്ട് പോകാനാകാത്തത് ദൗർഭാഗ്യമാണ്. ബിഹാറിൽ ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കും. പക്ഷേ, തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ കരുത്ത് അനിവാര്യമാണ്.” പഥക് പറഞ്ഞു.
ബിഹാറിലെ പാർട്ടി നേതാക്കളോട് തങ്ങളുടെ സംഘടന വിപുലീകരിക്കുന്നതിനായി എല്ലാ ഗ്രാമങ്ങളിലും കമ്മറ്റികൾ നിർമ്മിക്കാൻ പഥക് അഭ്യർത്ഥിച്ചു.
നമ്മൾ ബിഹാർ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കും, പക്ഷെ എന്ന് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കും. നമുക്ക് നേരിട്ട് ബിഹാറിൽ മത്സരിക്കാൻ സാധിക്കില്ല, അതിനായി ആദ്യം സംഘടന ശക്തിപ്പെടുത്തേണ്ടതുണ്ട്. എല്ലാ ഗ്രാമങ്ങളിലും കമ്മിറ്റി രൂപീകരിക്കണം. സംഘടനയെ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും നാം ഇപ്പോൾ മുതൽ കഠിനാധ്വാനം ചെയ്യണം. സംഘടന ശക്തമായിക്കഴിഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്യും. പഥക്ക് പറഞ്ഞു.
ഗുജറാത്തിൽ പ്രവർത്തിച്ചതിന് സമാനമായാകും ബിഹാറിലും പാർട്ടി പ്രവർത്തിക്കുക. സംഘടന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ നിന്നും രാജ്യത്തെ രക്ഷിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ഉദ്ദേശമെന്നും അദ്ദേഹം അറിയിച്ചു.
“അഭിപ്രായങ്ങൾ വ്യത്യസ്തമാണെങ്കിലും, രാജ്യം ഒന്നാമതാണ്.” എന്നായിരുന്നു പ്രതിപക്ഷ ഐക്യത്തേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.