നയൻതാരയ്ക്കെതിരെ ധനുഷ് കോടതിയിൽ

ചെന്നൈ:
തെന്നിന്ത്യൻ ചലച്ചിത്രതാരം നയൻതാരയുടെ ജീവിതം പറയുന്ന ‘നയൻതാര ബിയോണ്ട് ദ ഫെയറി ടെയ്ൽ ‘ഡോക്യുമെന്ററി നെറ്റ് ഫ്ലിക്സിൽ പ്രദർശനം തുടരവെ പകർപ്പവകാശ ലംഘനം ആരോപിച്ച് നടനും നിർമാതാവുമായ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ. താൻ നിർമിച്ച ‘നാനും റൗഡി താൻ ‘ സിനിമയുടെ ഭാഗങ്ങൾ അനുമതിയില്ലാതെ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് നയൻ താരക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും അവരുടെ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമയിലെ മൂന്ന് സെക്കൻഡ് അണിയറ ദൃശ്യം അനുവാദമില്ലാതെ ഉപയോഗിച്ചതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് നേരത്തെ നയൻതാരയ്ക്ക് വക്കീൽ നോട്ടീസയച്ചിരുന്നു.