കേരള തീരത്തെ കപ്പല്‍ അപകടം; വിദഗ്ധരുടെ യോഗം ചേര്‍ന്നുപ്ലാസ്റ്റിക് തരികള്‍ നീക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചു

 കേരള തീരത്തെ കപ്പല്‍ അപകടം; വിദഗ്ധരുടെ യോഗം ചേര്‍ന്നുപ്ലാസ്റ്റിക് തരികള്‍ നീക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചു

കേരളതീരത്ത് അപകടത്തില്‍പെട്ട MSC ELSA 3 എന്ന കപ്പലിലെ കെമിക്കലുകളുടെ കൈകാര്യം ചെയ്യല്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതനുസരിച്ച് വിദഗ്ധരുടെ യോഗം ചേര്‍ന്നു. ഈ വിഷയത്തില്‍ ആഗോള രംഗത്ത് അറിയപ്പെടുന്ന വിദഗ്ദ്ധൻ ഡോ. മുരളി തുമ്മാരുകുടി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ എന്നിവരും ആഗോള തലത്തിലെ വിദഗ്ധരും കേരള സര്‍ക്കാരില്‍ കപ്പല്‍ അപകടം കൈകാര്യം ചെയ്യുന്ന വകുപ്പുകളും ചേര്‍ന്നായിരുന്നു യോഗം.

ഡോ. ഒലോഫ് ലൈഡൻ (മുൻ പ്രൊഫെസർ, വേൾഡ് മറീടൈം യൂണിവേഴ്സിറ്റി), ശ്രീ. ശാന്തകുമാർ (പരിസ്ഥിതി ആഘാത സാമ്പത്തിക കാര്യ വിദ്ധക്തൻ), ഡോ. ബാബു പിള്ള (പെട്രോളിയം കെമിക്കൽ അനാലിസിസ് വിദഗ്ധൻ), ശ്രീ. മൈക്ക് കോവിങ് (തീര ശുചീകരണ/മാലിന്യ നിർമ്മാർജ്ജന വിദഗ്ദ്ധൻ), ചീഫ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, പരിസ്ഥിതി വകുപ്പ് ഡയറക്ടർ, പൊലൂഷൻ കോൺട്രോൾ ബോർഡ് ചെയർമാൻ, വിസിൽ ഡയറക്ടർ, വിവിധ ജില്ലകളിലെ കളക്ടർമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കപ്പലപകടം ഉണ്ടായതിന് പിന്നാലെ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. അതിന്റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വിദഗ്ധരുടെ യോഗം ചേര്‍ന്നത്. തീരത്ത് അടിയുന്ന അപൂര്‍വ്വ വസ്തുക്കള്‍, കണ്ടയ്‌നര്‍ എന്നിവ കണ്ടാല്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും ഇതിനോടകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കപ്പല്‍ മുങ്ങിയ സ്ഥലത്തു നിന്ന് 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് മത്സ്യ ബന്ധനം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. എണ്ണപ്പാട തീരത്തെത്തിയാല്‍ കൈകാര്യം ചെയ്യാനായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ റാപ്പിഡ് റസ്‌പോണ്‍സ് ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഓയില്‍ ബൂം അടക്കമുള്ളവ പ്രാദേശികമായി സജ്ജീകരിച്ച് എല്ലാ പൊഴി, അഴിമുഖങ്ങളിലും നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് അതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതിന്റെയടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് തരികളെ (നര്‍ഡില്‍) തീരത്തു നിന്നും ഒഴിവാക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചു. ഡ്രോണ്‍ സര്‍വ്വേ അടക്കം നടത്തി ഓരോ 100 മീറ്ററിലും സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ച് പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്യാനാണ് നിലവിലെ ശ്രമം. പോലീസ്/അഗ്നിരക്ഷാസേന/മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പിലെ ഉദ്യോഗസ്ഥരെ ഇതിന്റെ ഏകോപനത്തിനായി നിയോഗിച്ചിട്ടുണ്ട്. സന്നദ്ധസേനയുടെ സുരക്ഷയ്ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അപകടകരമായ രീതിയില്‍ ഒരു നടപടിയും സന്നദ്ധ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നില്ല എന്ന് സൂപ്പര്‍വൈസര്‍മാര്‍ ഉറപ്പുവരുത്തണം. പൊതുജനങ്ങളുടെ സുരക്ഷ പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധനമേഖലുടെ സംരക്ഷണം എന്നിവ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News