കൈക്കൂലി വാങ്ങാത്ത, കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസ്: മന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം:
ഡോ. ഹാരിസ് ചിറയ്ക്കല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഹാരിസിന്റെ പോസ്റ്റുമായി ബന്ധപ്പെട്ട് സമഗ്രമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളങ്കമറ്റ ഡോക്ടറാണ് ഹാരിസ് ചിറയ്ക്കലെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. കൈക്കൂലി വാങ്ങാത്ത, കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസ്. അദ്ദേഹം ഉന്നയിച്ചത് ഒരു സിസ്റ്റത്തിന്റെ പ്രശ്‌നമാണ്.’- വീണാ ജോര്‍ജ്ജ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അവരുടെ പ്രതികരണം.
‘സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുളള സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡിയോളജി ഇന്റര്‍വെന്‍ഷന്‍സ് നടത്തിയ മെഡിക്കല്‍ കോളേജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജാണ്. ഡോ. ഹാരിസ് ഉന്നയിച്ചത് ഒരു സിസ്റ്റത്തിന്റെ പ്രശ്‌നമാണ്. ഒരു പ്രോബിന് 3000 രൂപ കൂടി. കൂടിയ വിലയ്ക്ക് വാങ്ങിയാല്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ ഉണ്ടാകും. അഴിമതി എന്ന് ആരോപണം വരും. ഈ വിഷയം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. 2015 മുതലുളള മുഴുവന്‍ ഡാറ്റയും പുറത്തുവിടാന്‍ പറഞ്ഞിട്ടുണ്ട്. 1600 കോടി ചികിത്സയ്ക്കായി സര്‍ക്കാര്‍ ഒരുവര്‍ഷം ചെലവഴിക്കുന്നുണ്ട്. സാധാരണക്കാരായ രോഗികള്‍ക്ക് വിശ്വാസമുളളതു കൊണ്ടാണ് അവര്‍ മെഡിക്കല്‍ കോളേജുകളിലേക്ക് എത്തുന്നത്’- മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.