തൃശൂർ പുതുക്കാട്ട് നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവം: കൃത്യം നടത്തിയത് അനീഷയെന്ന് FIR

തൃശൂര്‍:
തൃശൂരിൽ രണ്ട് നവജാതശിശുക്കളെയും കൊലപ്പെടുത്തിയത് മാതാവ് അനീഷയെന്ന് എഫ്‌ഐആര്‍. മുഖം പൊത്തിപിടിച്ച് മരണം ഉറപ്പാക്കിയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. രണ്ട് കുഞ്ഞുങ്ങളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2021 നവംബര്‍ ആറിന് ആദ്യത്തെ കുട്ടിയെയും 2024 ഓഗസ്റ്റ് 29ന് രണ്ടാമത്തെ കുട്ടിയെയും കൊലപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.
യുവാവ് പൊലീസ് സ്റ്റേഷനിൽ പൊടിഞ്ഞ അസ്ഥികളുമായി നേരിട്ടെത്തിയതോടെയാണ് സംഭവം പുറത്തുവരുന്നത്. ഉടൻതന്നെ പ്രതികളായ ഇരുപത്തഞ്ച് വയസ്സുള്ള ഭവിൻ ഇരുപത്തിരണ്ട് വയസ്സുകാരിയായ അനീഷ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ അവിവാഹിതരായ ഇവർ അഞ്ച് വർഷമായി ഒന്നിച്ചായിരുന്നു താമസമെന്നും, ഈ ബന്ധത്തിൽ ജനിച്ച കുട്ടികളെയാണ് കുഴിച്ചുമൂടിയതെന്നും വ്യക്തമായിട്ടുണ്ട്.
2021 നവംബർ ഒന്നിനാണ് ആദ്യ കൊലപാതകം നടന്നത്. കുട്ടി ജനിച്ചതിന് പിന്നാലെ അനീഷ കുട്ടിയുടെ മുഖം പൊത്തിപിടിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ആകെ രണ്ട് പ്രതികളാണ് കേസിലുള്ളത്. രണ്ട് കേസുകളിലും ഒന്നാം പ്രതി അനീഷയാണ്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അടുത്ത ദിവസം ഉച്ചവരെ വീട്ടിൽ സൂക്ഷിച്ചുവെന്ന് പറയുന്നു. പിന്നാലെ അനീഷ കുഞ്ഞിന്റെ മൃതദേഹം മുണ്ടിൽ പൊതിഞ്ഞ് സഞ്ചിയിലാക്കി ഭവിന്റെ വീട്ടിലെത്തിച്ച് നൽകി.
രണ്ടാമത്തെ കുഞ്ഞിന്റേത് കൊലപാതകമാണെന്ന് അനീഷ മൊഴി നല്‍കിയിരുന്നു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ചോദ്യം ചെയ്യലില്‍ ഇരുവരും പറയുന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു. 2020 ല്‍ ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അനീഷയ്ക്ക് 18ഉം യുവാവിന് 20 മായിരുന്നു അന്ന് പ്രായം. വിവാഹം കഴിക്കുകയെന്ന തീരുമാനത്തിലായിരുന്നു ഇരുവരും. ഇതിനിടെയാണ് കുഞ്ഞുങ്ങൾ ഉണ്ടാകുന്നതും കൊലപ്പെടുത്തുന്നതും.