കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി ഓണാഘോഷ യാത്ര, തിരുവനന്തപുരത്ത് അച്ഛൻ അറസ്റ്റിൽ

കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി ഓണാഘോഷ യാത്ര, തിരുവനന്തപുരത്ത് അച്ഛൻ അറസ്റ്റിൽ
തിരുവനന്തപുരം: തുറന്ന ജീപ്പിന്റെ ബോണറ്റിന് മുകളില്‍ അപകടകരമായ രീതിയില്‍ കുട്ടിയെ ഇരുത്തി യാത്ര നടത്തിയ സംഭവത്തില്‍ കഴക്കൂട്ടം പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛന്‍ മേനംകുളം സ്വദേശി സജു, ഡ്രൈവര്‍ ഹരികുമാര്‍ എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടാണ് ഓണാഘോഷത്തിന്റെ ഭാഗമായി യുവാക്കളുടെ സംഘം കുട്ടിയെ ബോണറ്റിലിരുത്തി കഴക്കൂട്ടം പ്രദേശത്ത് കറങ്ങിയത്.
മേനകുളം മുതല്‍ വെട്ടുറോഡ് റൂട്ടിലാണ് ഇന്നലെ കുട്ടിയെ ബോണറ്റിലിരുത്തി അപകടകരമായ നിലയില്‍ ആഘോഷയാത്ര നടത്തിയത്. കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിലിരുത്തി യാത്ര നടത്തിയ ദൃശ്യങ്ങള്‍ മറ്റ് യാത്രക്കാര്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ആറ്റിങ്ങലില്‍നിന്നും വാടകയ്‌ക്കെടുത്ത ജീപ്പിലായിരുന്ന യാത്ര. പല വട്ടം അമിത വേഗത്തില്‍ സംഘം വാഹനമോടിച്ചതായി പോലീസ് കണ്ടെത്തി. കുട്ടിയുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ചതിനാണ് കേസ്. പ്രതികള്‍ക്കെതിരെ മറ്റുവകുപ്പുകളും ചുമത്തും.