ഒരു മാസത്തിനകം നിമിഷപ്രിയയെ തൂക്കിലേറ്റും? വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റിന്റെ അനുമതി

 ഒരു മാസത്തിനകം നിമിഷപ്രിയയെ തൂക്കിലേറ്റും? വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റിന്റെ അനുമതി

എറണാകുളം:

ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകി യെമൻ പ്രസിഡൻ്റ് . ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് സാധ്യത. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്‌ദു മെഹ്ദിയുടെ കുടുംബവുമായും അദ്ദേഹം ഉൾപ്പെടുന്ന ഗോത്രത്തിൻ്റെ തലവന്മാരുമായും മാപ്പപേക്ഷക്കുള്ള ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കാനൊരുങ്ങുന്നത്.

കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യൻ എംബസി നിയോഗിച്ച അഭിഭാഷകൻ അബ്‌ദുള്ള അമീർ ചർച്ച ആരംഭിക്കാൻ രണ്ടാം ഗഡുവായി 16.60 ലക്ഷം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ തുക കൈമാറിയാലേ ചർച്ചകൾ തുടങ്ങൂ എന്ന് അറിയിച്ചതോടെയാണ് മോചനശ്രമം നിലച്ചത്.

ആദ്യ ഗഡുവായി 19871 ഡോളറിൻ്റെ ചെക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി കഴിഞ്ഞ ജൂലൈ നാലിന് അഭിഭാഷകന് കൈമാറിയിരുന്നു. ആകെ 40,000 യുഎസ് ഡോളറാണു ചർച്ചകൾ ആരംഭിക്കാൻ വേണ്ടതെന്നും ഇതു രണ്ടു ഗഡുവായി നൽകണമെന്നും തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു എന്ന നിലപാടിലായിരുന്നു അഭിഭാഷകൻ.

മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായി 16.71 ലക്ഷം രൂപ സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ അക്കൗണ്ടില്‍ കഴിഞ്ഞ ജൂണിൽ നിക്ഷേപിച്ചിരുന്നു. മോചനത്തിനുള്ള ദിയാധനത്തെക്കുറിച്ചുള്ള കൂടിയാലോചനക്കായി എംബസി ബാങ്ക് അക്കൗണ്ട് വഴി 40,000 ഡോളര്‍ കൈമാറാന്‍ അനുവദിക്കണമെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ കേന്ദ്ര വിദേശകാര്യമന്ത്രാലയം അംഗീകരിക്കുകയായിരുന്നു.

തലാല്‍ അബ്‌ദു മെഹ്ദി എന്ന യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയെ വധശിക്ഷക്ക് വിധിച്ചത്. 2017ലായിരുന്നു കേസിനാസ്‌പദമായ സംഭവം. യെമന്‍ പൗരൻ്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷ പ്രിയയുടെ മോചനം സാധ്യമാക്കാൻ അമ്മ പ്രേമകുമാരി യെമനില്‍ എത്തിയിരുന്നു. എന്നാല്‍ കേസില്‍ വിചാരണ കോടതിയുടെ വിധി യെമന്‍ സുപ്രീം കോടതി ശരിവച്ചു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന ആവശ്യം തള്ളുകയും ചെയ്‌തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News