മൂന്നാറിലേക്ക് റോയൽവ്യൂ ഡബിൾ ഡക്കർ
മൂന്നാർ:
മൂന്നാറിലെ മഞ്ഞിന്റേയും തേയിലത്തോട്ടത്തിന്റെയും വശ്യത ആസ്വദിച്ചൊരു കെഎസ്ആർടിസി യാത്ര.അതും ട്രാൻസ്പരന്റ് ഡബിൾ ഡക്കർ. പുതുവത്സരത്തിൽ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് പുത്തൻ അനുഭവമൊരുക്കുകയാണ് ആനവണ്ടി. കാഴ്ചയെ മറയ്ക്കാതെ പൂർണമായി ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ബസിന്റെ നിർമ്മാണം. രാജകീയമായ യാത്രയ്ക്ക് ആ ആനവണ്ടിയെ റോയൽവ്യൂ എന്ന് പേരിട്ടിരിക്കുന്നു. ജനുവരി ഒന്നു മുതൽ മൂന്നാറിൽ ബസ് സർവീസ് ആരംഭിക്കും.ബസിന്റെ റൂട്ട് നിശ്ചയിക്കുന്നതിനായുള്ള പരിശോധന പൂർത്തിയാക്കി. ഡ്രൈവർമാരുടെ പരിശീലനം നടന്നു വരികയാണ്. മൂന്നാർ ഡിപ്പോയിൽ നിന്നാരംഭിച്ച് സിഗ്നൽ പോയിന്റ്, ചൊക്രമുടി, ആനയിറങ്കൽ, ബോട്ടാണിക്കൽഗാർഡൻ എന്നിവിടങ്ങളിലൂടെ സർവീസ് നടത്തി തിരികെ ഡിപ്പോയിലെത്തും. ഈ സർവീസുകൾക്ക് മികച്ച പ്രതികരണമായിരുന്നു. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള റോയൽവ്യൂ ബസിന്റെ ഫ്ളാഗ് ഓഫ് ചൊവ്വാഴ്ച മന്ത്രി കെ ബി ഗണേഷ്കുമാർ നിർവഹിക്കും.