ദിൽനയും രൂപയും തീരത്തേയ്ക്ക്
ന്യൂഡൽഹി:
പായ്വഞ്ചിയിൽ ലോകം ചുറ്റിയെത്തുന്ന ആദ്യഇന്ത്യൻ വനിതകൾ എന്ന ബഹുമതിയിലേക്ക് ലെഫ്. കമാൻഡർമാരായ കോഴിക്കോട് സ്വദേശി കെ ദിൽനയും പുതുശ്ശേരി സ്വദേശി എ രൂപയും. നാവികസേനയുടെ ഐഎൻഎസ് തരിണി എന്ന പായ്വഞ്ചിയിൽ ഗോവയിൽ നിന്ന് യാത്ര പൂർത്തീകരിച്ച് മർമ ഗോവ തുറമുഖത്ത് തിരിച്ചെത്തും. ഒക്ടോബർ രണ്ടിന് പുറപ്പെട്ട് എട്ടു മാസം കൊണ്ട് 21800 നോട്ടിക്കൽ മൈൽ സഞ്ചരിച്ചാണ് യാത്ര പൂർത്തിയാക്കുന്നതു്. നാല് സമുദ്രങ്ങൾ ഇവർ താണ്ടി. രണ്ടുവട്ടം ഭൂമധ്യരേഖ മുറിച്ചു കടന്നു.അഞ്ച് വൻമുനമ്പുകൾ ചുറ്റി. സൗത്ത് പസഫിക്,സതേൺ ഓഷ്യൻ എന്നീ സമുദ്രങ്ങളിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ അഭിമുഖീകരിച്ചു. ദൗത്യം വിജയകരമായി പൂർത്തീകരിച്ച് മടങ്ങിയെത്തുന്ന ഇരുവർക്കും വമ്പൻ വരവേൽപ്പ് ഒരുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.