“സാംബയല്ല സൂംബ!” സൂംബ വിവാദത്തില്‍ മതനേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചു കെടി ജലീല്‍

തിരുവനന്തപുരം:
സൂംബ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചും ചില മതനേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചും ഇടത് നേതാവ് കെടി ജലീല്‍. “സാംബയല്ല സൂംബ!” എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്‌റ്റിലാണ് വിമര്‍ശനം. സൂംബയുമായി ബന്ധപ്പെട്ട് നടക്കുന്നത് അനാവശ്യ വിവാദമാണെന്നും ഇത് വലിയ അപകടം ചെയ്യുെമന്നും അദ്ദേഹ വ്യക്തമാക്കുന്നു. അമിത മതവൽക്കരണ വാദം ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഏത് മത വിഭാഗത്തിനിടയിലാണെങ്കിലും വലിയ അപകടം ചെയ്യുമെന്നും മുസ്‌ലിം ലീഗ് പോലുള്ള മതനിരപേക്ഷ രാഷ്‌ട്രീയ പാർട്ടികൾ അത്തരം അബദ്ധങ്ങൾ എഴുന്നള്ളിക്കുന്നതിന് ഒരു കാരണവശാലം ചൂട്ടു പിടിക്കരുതെന്നും കെടി ജലീല്‍ പറഞ്ഞു.
ദൗർഭാഗ്യവശാൽ ഇത്തരം ഗൂഢ ശക്തികളെ ഒളിഞ്ഞും തെളിഞ്ഞും ലീഗ് സഹായിക്കുകയാണ്. എല്ലാ പൊതു വിദ്യാലയങ്ങളിലും മാന്യമായ ഡ്രസ്കോഡാണ് നിലവിലുള്ളത്. യൂണിഫോമില്ലാത്ത സ്‌കൂളുകൾ ഇല്ലെന്നു തന്നെ പറയാം. ഇടതുപക്ഷ സർക്കാരിൽ തൊട്ടതിലും പിടിച്ചതിലുമൊക്കെ “മുസ്‌ലിം വിരുദ്ധത”യുടെ ചാപ്പ കുത്താൻ കിണഞ്ഞ് ശ്രമിക്കുകയാണ് ചില ലീഗ് സ്പോൺസേഡ് മതസംഘടനകൾ. സാംബ എന്താണെന്നോ സൂംബ എന്താണെന്നോ പ്രാഥമികമായി മനസിലാക്കുക പോലും ചെയ്യാതെ ചില മുറിവൈദ്യൻ പണ്ഡിതൻമാർ നടത്തിയ നിരുത്തരവാദപരമായ പ്രസ്‌താവനകൾ മുസ്‌ലിം സമുദായത്തെ ഇതര മതസമൂഹങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനേ ഉപകരിക്കൂ.
ലഹരി വിരുദ്ധ ക്യാമ്പയ്‌ൻ്റെ ഭാഗമായുള്ള ഒരു പരിപാടി എന്ന നിലയിലാണ് സംഗീതം പശ്ചാത്തലമാക്കിയുള്ള സൂംബ കുട്ടികളെ പരിശീലിപ്പിക്കാൻ അധികൃതർ സർക്കുലർ ഇറക്കിയത്. അല്ലാതെ എല്ലാ ദിവസവും സൂംബ നൃത്തം നിർബന്ധമായും ചെയ്യണമെന്ന നിലക്കല്ല. എന്നാൽ സ്‌കൂള്‍ പാഠ്യ പദ്ധതിയിൽ സൂംബ ഉൾപ്പെടുത്തി എന്ന മട്ടിലാണ് തീർത്തും വക്രീകരിച്ച് ലീഗും തൽപര കക്ഷികളും മുസ്‌ലിം സമുദായത്തിനകത്ത് കുപ്രചരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
