ആർത്തവ ശുചിത്വം മൗലികാവകാശം; വിദ്യാലയങ്ങളിൽ സൗജന്യ സാനിറ്ററി നാപ്കിനുകൾ നൽകാൻ സുപ്രീം കോടതി ഉത്തരവ്
ന്യൂഡൽഹി:
ആർത്തവ ശുചിത്വം കേവലം ഒരു വ്യക്തിപരമായ വിഷയമല്ലെന്നും അത് ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള സ്കൂളുകളിൽ പെൺകുട്ടികൾക്ക് സൗജന്യമായി ജൈവ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കണമെന്നും പ്രത്യേക ശുചിമുറി സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും കോടതി കർശന നിർദ്ദേശം നൽകി.
ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവബോധം പെൺകുട്ടികളിൽ മാത്രം ഒതുങ്ങരുത്. ആൺകുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇതിൽ കൃത്യമായ ബോധവൽക്കരണം നൽകണമെന്നും വിദ്യാലയങ്ങളിൽ ഇതുമായി ബന്ധപ്പെട്ട സംവാദങ്ങൾ ലജ്ജ കൂടാതെ തുറന്ന് നടക്കണമെന്നും കോടതി നിരീക്ഷിച്ചു.
വിധിയിലെ പ്രധാന നിർദ്ദേശങ്ങൾ:
- സൗജന്യ വിതരണം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകണം.
- മൗലികാവകാശ ലംഘനം: കൃത്യമായ ശുചിമുറികളുടെയും ഉൽപ്പന്നങ്ങളുടെയും അഭാവം വിദ്യാർത്ഥിനികളുടെ അന്തസ്സ്, സ്വകാര്യത, സമത്വം എന്നിവയുടെ ലംഘനമാണ്.
- സാമൂഹിക മാറ്റം: ആർത്തവം ഒരു ശിക്ഷയാകരുത്. ഇതിന്റെ പേരിൽ ഒരു പെൺകുട്ടിയുടെയും വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല.
- പൊതുനയം: കേന്ദ്രസർക്കാരിന്റെ ആർത്തവ ശുചിത്വ നയം രാജ്യവ്യാപകമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
അമേരിക്കൻ സാമൂഹ്യപ്രവർത്തക മെലിസ ബെർട്ടന്റെ വാക്കുകൾ ഉദ്ധരിച്ച കോടതി, ആർത്തവ ശുചിത്വം ഉറപ്പാക്കുന്നത് പെൺകുട്ടികളുടെ ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് ഓർമ്മിപ്പിച്ചു. ജയ ഠാക്കൂർ സമർപ്പിച്ച ഹർജിയിലാണ് 127 പേജുള്ള സുദീർഘമായ ഈ വിധിന്യായം സുപ്രീം കോടതി പുറപ്പെടുവിച്ചത്.
