പ്രഗ്നാനന്ദ കാൾസനെ വീഴ്ത്തി

നോർവേ:
മുൻ ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ വീഴ്ത്തി ഇന്ത്യയുടെ കൗമാരതാരം ആർ പ്രഗ്നാനന്ദ. നോർവെ ചെസ് ചാമ്പ്യൻഷിപ്പിലാണ് പതിനെട്ടുകാരന്റെ വിജയം. ചെസിലെ ക്ലാസിക്കൽ രീതിയിൽ കാൾസനെതിരെ നേടുന്ന ആദ്യ ജയമാണ്. മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ അഞ്ചു പോയിന്റുമായി പ്രഗ്നാനന്ദ ഒറ്റയ്ക്ക് മുന്നിലെത്തി.അമേരിക്കൻ താരം ഫാബിയാനോ കരുവാന ലോക ചാമ്പ്യൻ ചൈനയുടെ ഡിങ്ങ് ലിറനെ കീഴടക്കി. ഹികാരു നകാമുറ ഫ്രാൻസിന്റെ ഫിറൗസ്ജ അലിറെസയെ തോൽപ്പിച്ചു.അഞ്ചു പോയിന്റുള്ള കരുവാനയാണ് രണ്ടാമത്. വനിതകളിൽ ഇന്ത്യയുടെ ആർ വൈശാലി അപ്രതീക്ഷിത വിജയം തുടരുന്നു.പ്രഗ്നാനന്ദയുടെ സഹോദരിയായ വൈശാലി ഉക്രെയിൻ താരം അന്ന മുസിചുകിനെ പരാജയപ്പെടുത്തി. സഹതാരം കൊനേരു ഹംപി ചൈനയുടെ ടിങ് ലിക്കെതിരെ വിജയം നേടി.
