നിർണ്ണായക നീക്കവുമായി ഇന്ത്യ: ഇറാനിലെ ചബഹാർ തുറമുഖ കരാർ ഒപ്പിട്ടു

ഇറാനിലെ ചബഹാർ തുറമുഖം പത്ത് വർഷത്തേക്ക് നോക്കിനടത്തുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പിട്ടു. ഇതോടെ അടുത്ത ദശാബ്ദം തുറമുഖത്തിൻറെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും. ഇന്ത്യയ്ക്കും മധ്യേഷ്യയ്ക്കും ഇടയിലെ ചരക്കുനീക്കത്തിന് പ്രധാന ഹബ്ബായി തുറമുഖം മാറുമെന്നാണ് കരുതുന്നത്. ഒപ്പം ഇന്ത്യയെ ലക്ഷ്യം വെച്ച് പാക്കിസ്താനും ചൈനയും ഒപ്പിട്ട തുറമുഖ കരാറിനുള്ള മറുപടി കൂടിയായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് ചൂട് കത്തി നിൽക്കുന്ന കാലത്ത് ഇത്തരമൊരു കരാർ ഒപ്പുവെച്ചതിലൂടെ മധ്യേഷ്യയിൽ ഇന്ത്യയുടെ സൗഹൃദവും സ്വാധീനവും ശക്തിപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്.
കരാർ ഒപ്പിടുന്നതിനായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ഇറാനിലെത്തിയിരുന്നു. ഇതാദ്യമായാണ് ഇന്ത്യ വിദേശത്ത് ഒരു തുറമുഖത്തിൻ്റെ നടത്തിപ്പ് കരാറിൽ ഒപ്പിടുന്നത്. അഫ്ഗാനിസ്ഥാൻ, മധ്യേഷ, യൂറോഷ്യയിലെ അതിർത്തി മേഖല എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ചരക്ക് ഗതാഗത പാതയൊരുക്കൽ കൂടിയാണ് ഇതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. പാക്കിസ്താനിലെ ഗ്വാദർ തുറമുഖത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത് ചൈനയൊരുക്കുന്ന ബെൽറ്റ് ആൻ്റ് റോഡ് പദ്ധതിക്കുള്ള മറുപടി കൂടിയാണിത്.

ചബഹാറിനെ ഇൻ്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറുമായി (ഐഎൻഎസ്ടിസി) ബന്ധിപ്പിക്കുക, ഇന്ത്യയിൽ നിന്ന് ഇറാൻ വഴി റഷ്യയിലേക്കുള്ള പാത സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശ്യം.ഇന്ത്യൻ പോർട്ട്സ് ഗ്ലോബൽ ലിമിറ്റഡ് തുറമുഖ വികസനത്തിനായി 120 മില്യൺ ഡോളർ നിക്ഷേപിക്കും. മധ്യേഷ്യയിൽ ഇസ്രയേലിനെ പോലെ തന്നെ ഇന്ത്യയുടെ വലിയ വ്യാപാര പങ്കാളിയും സൗഹൃദ രാഷ്ട്രവുമാണ് ഇറാൻ.