തെരെഞ്ഞെടുപ്പിനു ശേഷം ഇന്ത്യാ മുന്നണിയിൽ നേതൃതർക്കം ഉണ്ടാവില്ല, TMC പുറത്തു നിന്നു പിന്തുണക്കും, താൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെന്നു സൂചന നൽകി മമത ബാനർജി

 തെരെഞ്ഞെടുപ്പിനു ശേഷം ഇന്ത്യാ മുന്നണിയിൽ നേതൃതർക്കം ഉണ്ടാവില്ല, TMC പുറത്തു നിന്നു പിന്തുണക്കും, താൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെന്നു സൂചന നൽകി മമത ബാനർജി

ഭരത് കൈപ്പാറേടൻ

കൽക്കത്ത : ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ അടുത്ത സർക്കാർ രൂപീകരിക്കുമെന്നും അധികാരത്തർക്കങ്ങൾ ഉണ്ടാവില്ലെന്നും തന്റെ പാർട്ടി പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്നും മമത ബാനർജി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.

ഹൂഗ്ലിയിൽ ടിഎംസി സ്ഥാനാർത്ഥിയായി മൽസരിക്കുന്ന രചന ബാനർജിയുടെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം ചിൻസുരയിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ദീദി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ ഇന്ത്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും തൃണമൂൽ കോൺഗ്രസ് ആ സർക്കാരിനെ പുറത്ത് നിന്നു പിന്തുണയ്ക്കുമെന്നും ഇന്ത്യാ മുന്നണിയിൽ നേതൃതർക്കം ഉണ്ടാവില്ല എന്നുമുള്ള മമത ബാനർജിയുടെ പ്രഖ്യാപനത്തിലൂടെ താൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ല എന്നുള്ള സന്ദേശം കൂടിയാണ് ബംഗാൾ മുഖ്യമന്ത്രി ബുധനാഴ്ച രാജ്യത്തിനു നൽകിയതെന്നു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

ബിജെപിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് മമത പറഞ്ഞു, “തെരഞ്ഞെടുപ്പിൻ്റെ ആദ്യ നാലു ഘട്ടങ്ങളിലും ബിജെപി പരാജയപ്പെട്ടു കഴിഞ്ഞുവെന്ന് ഉറപ്പായി. ഇനിയുള്ള മൂന്നു ഘട്ടങ്ങളിലും കഴിഞ്ഞ തവണത്തെ നേട്ടമുണ്ടാക്കാൻ അവർക്കു കഴിയില്ല. അവർ വലിയ ഒച്ചപ്പാടും കോലാഹലങ്ങളുമുണ്ടാക്കുന്നുണ്ട്, പക്ഷേ അവർക്കു വിജയിക്കാൻ കഴിയില്ല.

100 ദിവസത്തെ തൊഴിൽ പദ്ധതിയുടെ ഗുണഭോക്താക്കളായ ബംഗാളിലെ എൻ്റെ അമ്മമാർക്കും സഹോദരിമാർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാൻ TMC അനുവദിക്കില്ല. അതിനായി പുതിയ സർക്കാരുണ്ടാക്കാൻ ടിഎംസി ഇന്ത്യാ സഖ്യത്തിന് നേതൃത്വം നൽകും. സഹായിക്കും.

പക്ഷേ സഖ്യ സർക്കാരിൽ ഞങ്ങൾ അംഗങ്ങളാവില്ല. പകരം പുറത്തു നിന്നുകൊണ്ട് സർക്കാരിനെ ഞങ്ങൾ എല്ലാവിധത്തിലും സഹായിക്കും.
ബിജെപിയെ പുറത്താക്കുക എന്നതു തന്നെയാണ് എല്ലാവരുടേയും പോലെ ഞങ്ങളുടേയും ലക്ഷ്യം.”

ടിഎംസിക്കൊപ്പം കോൺഗ്രസും CPM-ഉം ഇന്ത്യാ സഖ്യം രൂപീകരിച്ച പ്രതിപക്ഷ പാർട്ടികളിൽ ഉൾപ്പെടുമെന്ന് അവർ പറഞ്ഞു.

എങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസും സിപിഎമ്മും വേറൊരു മുന്നണിയാണ്. അവർ ഒരുമിച്ചു നിന്നു മത്സരിക്കുമ്പോൾ TMC വ്യക്തിത്വം നിലനിർത്തി മാറിനിന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെന്നു മമത ചൂണ്ടിക്കാട്ടി.

പശ്ചിമബംഗാളിലെ ഏക പ്രതിപക്ഷ പാർട്ടിയാണ് തങ്ങൾ എന്ന പ്രതീതി പരത്താനാണ് ബിജെപി ശ്രമിക്കുന്നത്. അത് അവരുടെ തന്ത്രമാണെന്ന് ദീദി പറഞ്ഞു. ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിൽ 12 മണ്ഡലങ്ങളിൽ കോൺഗ്രസും ബാക്കിയുള്ള 30 സീറ്റുകളിൽ സിപിഎമ്മും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ഇവിടെ നടക്കുന്നത് ത്രികോണമാണ് , മമത ചൂണ്ടിക്കാട്ടി.

“ബംഗാളിൽ കോൺഗ്രസിനെയും സിപിഐഎമ്മിനെയും ഞങ്ങൾ സഖ്യത്തിൽ ഉൾപ്പെടുത്തയിട്ടില്ല. ഞങ്ങൾ തനിച്ചാണിവിടെ മത്സരിക്കുന്നത്. അവർ രണ്ടുകൂട്ടരും BJP യെപ്പോലെ ഞങ്ങളെ എതിർക്കുകയാണ്.” ടിഎംസി മേധാവി പറഞ്ഞു.

BJP ബംഗാളിലെ ചിലയിടങ്ങളിൽ മൂന്നാ സ്ഥാനത്തേക്ക് തള്ളപ്പെട്ടാൽ പോലും താൻ അത്ഭുതപ്പെടില്ല. മിക്കയിടങ്ങളിലും രണ്ടാം സ്ഥാനത്തുപോലും ഇവിടെ അവർക്കു വരാനാവില്ലെന്നു മമത കളിയാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇഷ്ടപ്രകാരം മാത്രം പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ പൊരി വെയിലായിട്ടു പോലും കഴിഞ്ഞ രണ്ടര മാസമായി വോട്ടെടുപ്പ് വലിച്ചു നീട്ടുകയാണെന്ന് മമത കുറ്റപ്പെടുത്തി.
സാധാരണക്കാരുടെ പ്രയാസം കമ്മീഷൻ മനസ്സിലാക്കുന്നില്ല, മമ്ത പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടമായ ഹൂഗ്ലിയിൽ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ ലോകത് ചാറ്റർജിക്കെതിരെ ത്രിണമൂലിനു വേണ്ടി മത്സരിക്കുന്നത് ജനപ്രിയ ടിവി ഷോ അവതാരികയായ രചന ചാറ്റർജിയാണ്.

2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് മമ്ത ഇന്ത്യ മുന്നണിക്ക് ‘പുറത്തുനിന്നുള്ള’ പിന്തുണ പ്രഖ്യാപിച്ചതെന്നുവേണം മനസിലാക്കാൻ.

TMC ഇന്ത്യാ മുന്നണിയുടെ ഭാഗമാണെങ്കിൽ പോലും, ബംഗാളിൽ തങ്ങൾ ഒറ്റക്കായിരിക്കുമെന്നും BJP മാത്രമല്ല പ്രതിപക്ഷത്തുള്ളത് എന്നും പരസ്പരം വിഘടിച്ചു നിൽക്കുന്ന ത്രിണമൂൽവിരുദ്ധരയ പല മുന്നണികളിൽ കേവലം ഒന്നു മാത്രമാണ് BJP എന്നുമുള്ള സന്ദേശം ജനങ്ങൾക്ക് നൽകാൻ കുശാഗ്ര ബുദ്ധിയായ അവർ ആഗ്രഹിക്കുന്നു എന്നു വ്യക്തമാണ്.

അതേസമയം, ഇന്ത്യാ സഖ്യത്തെ താൻ എതിർക്കുന്നില്ല
എന്നു കൂടി വോട്ടർമാരെയും രാജ്യത്തെയും ബോധ്യപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നുണ്ട്. അല്ലങ്കിൽ അതവരുടെ ബിജെപി വിരുദ്ധ നിലപാടിനെയും ബംഗാളിലെ ന്യൂനപക്ഷ വോട്ടുകളേയും ദോഷകരമായി ബാധിക്കും എന്നു തന്ത്രജ്ഞയായ ദീദിക്കറിയാം .

സ്ഥിരമായ സർക്കാർ വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുവെന്നും ഇന്ത്യാ ബ്ലോക്കിന് ദുർബലമായ ഒരു കേന്ദ്രസർക്കാരിനെ മാത്രമേ നൽകാനാവൂ എന്നും കഴിഞ്ഞ ദിവസം ബംഗാളിലെത്തിയ നരേന്ദ്ര മോദി ആരോപിച്ചിരുന്നു. അതുണ്ടാക്കിയ ചിന്താക്കുഴപ്പത്തിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പരാമർശം എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഇന്ത്യാ മുന്നണിക്ക് പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്യുന്നതിലൂടെ, ഇന്ത്യാ മുന്നണി രൂപീകരിക്കുന്ന പ്രതിപക്ഷ സർക്കാർ “ദുർബലമായിരിക്കില്ല” എന്ന് ജനങ്ങളോട് പറയാനും അറിയിക്കാനും അവർ ആഗ്രഹിക്കുന്നു എന്നത് വളരെ വ്യകതമാണ്.

ഇന്ത്യ മുന്നണിയെ പുറത്തുനിന്നു പിന്തുണക്കുമെന്ന് അർദ്ധശങ്കക്കിടയില്ലാതെ എടുത്തു പറയുമ്പോൾ
വളരെ പ്രധാനപ്പെട്ട മറ്റൊരുകാര്യം കൂടി അവർ വ്യക്തമാക്കുന്നു, താൻ പ്രധാനമന്ത്രി പദത്തിലേക്കില്ല എന്നതാണത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News